ഡൽഹി കോടതിവളപ്പിൽ ​ഗുണ്ടാത്തലവനെ വെടിവെച്ച് കൊന്നു; ഏറ്റുമുട്ടലിൽ നാല് മരണം, ആറ് പേർക്ക് പരിക്ക്

ഡൽഹി കോടതിവളപ്പിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവെയ്പ്പിൽ ​ഗുണ്ടാത്തലവൻ ജിതേന്ദ്രർ ​ഗോ​ഗി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ഡൽഹിയിലെ രോഹിണി കോടതി വളപ്പിലാണ് ​ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയത്. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികൾ കോടതിക്കുള്ളിൽ പ്രവേശിച്ചത്.

വെടിവെയ്പ്പിൽ ആറ് പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ ഒരു വനിത അഭിഭാഷകയും ഉൾപ്പെടുന്നു. നിരവധി കേസുകളിൽ പ്രതിയായ ഡൽഹിയിലെ പ്രമുഖ കുറ്റവാളി ജിതേന്ദർ ഗോഗി. രോഹിണിയിലെ ജില്ലാ കോടതിയിലെ 206ാം നമ്പർ മുറിയിലാണ്​ വെടിവെയ്പ്പ്​ നടന്നത്​.

ജഡ്​ജിക്കു മുമ്പാകെ ഹാജരാക്കിയ ഗോഗിക്കു നേരെ അഭിഭാഷക വേഷത്തിൽ കോടതി മുറിയിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഡൽഹി പൊലീസ്​ തിരികെ അക്രമികളെയും വെടിവെച്ചു. ഗോഗിയടക്കം മൂന്നുപേർ കോടതി മുറിക്കുള്ളിൽ വെടിയേറ്റു മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്​.

അഞ്ച്​ മിനിറ്റോളം കോടതി മുറിയിൽ പൊലീസും അക്രമികളും തമ്മിൽ വെടിവെയ്പ്പ്​ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. വെടിവെയ്പ്പ് ഉണ്ടായതിനെ തുടർന്ന് കോടതിയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു.