സ്വർണക്കടത്ത് കേസ് എൻ.ഐ.എ അന്വേഷിക്കും; കേന്ദ്രം അനുമതി നൽകി

തിരുവന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് പിടിച്ച കേസ്  എൻ.ഐ.എ (ദേശീയ അന്വേഷണ ഏജൻസി) അന്വേഷിക്കും. ഇതിനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകി. ദേശീയ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

ആസൂത്രിതമായ സ്വർണക്കടത്ത് രാജ്യ സുരക്ഷയെ ബാധിക്കുന്നതാണ് എന്ന് വിലയിരുത്തിയാണ് അന്വേഷണം എൻ.ഐ.എയ്ക്ക്  നൽകുന്നത്. കേരളത്തിലേക്ക് 30 കിലോ സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയും സംഭവം ചൂടുപിടിച്ച രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം.

യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്നുള്ള നയതന്ത്ര പാക്കേജിൽ ഒളിപ്പിച്ച സ്വർണം കസ്റ്റംസ് വകുപ്പ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജൂലൈ 4- ന് പിടികൂടുകയായിരുന്നു. കേസ് അന്വേഷിക്കുകയാണെന്നും യുഎഇ മിഷന്റെ പ്രശസ്തിക്ക് കളങ്കം വരുത്താൻ ശ്രമിച്ച കുറ്റവാളികളെ ഒഴിവാക്കില്ലെന്നും യുഎഇ അധികൃതർ പറഞ്ഞു.

യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥയും, സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പുമായി ബന്ധമുള്ള സ്ഥാപനങ്ങളിലൊന്നിന്റെ മാർക്കറ്റിംഗ് ഓഫീസർ കൂടിയായ സ്വപ്‌ന സുരേഷിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. അതേസമയം തന്റെ ഓഫീസിന് യുവതിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.