സൗത്ത് മുംബൈയില്‍ ഒരിഞ്ച് സ്ഥലം തരില്ല, നിങ്ങള്‍ പാക് അതിര്‍ത്തിയിലേക്ക് പോവുക ഇന്ത്യന്‍ നേവിക്കെതിരെ നിതിന്‍ ഗഡ്കരി

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഇന്ത്യന്‍ വ്യോമസേന, ഉദ്യോഗസ്ഥര്‍ക്കുവേണ്ടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ഉപരിതല ജലഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നിങ്ങള്‍ക്ക് സൗത്ത് മുംബൈയില്‍ ഒരിഞ്ച് സ്ഥലം പോലും തരില്ല, പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് പോവുകയാണ് നല്ലതെന്ന് ഗഡ്കരി പറഞ്ഞു. ചീഫ് വെസ്റ്റേണ്‍ കമാന്‍ഡറും മറ്റ് മുതിര്‍ന്ന നേവി ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് കേന്ദ്രമന്ത്രി വിമര്‍ശനം നടത്തിയത്. വ്യോമസേനയും പ്രതിരോധ വകുപ്പുമല്ല സര്‍ക്കാര്‍, ഞങ്ങളാണ് സര്‍ക്കാര്‍ – നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.

നിങ്ങള്‍ ഭൂമിയാവശ്യപ്പെട്ട് എന്റെ അടുക്കലേക്ക് വരരുത്, ഞാന്‍ ഒരിഞ്ച് സ്ഥലം പോലും നല്‍കില്ല, സൗത്ത് മുംബൈയുടെ പ്രധാന ഭാഗമായ ഇവിടെ കെട്ടിടം പണിയാനും, ഫ്‌ളാറ്റുകള്‍ പണിയാനും ആവശ്യക്കാരേറയാണ്. ഞങ്ങള്‍ നേവിയെ ബഹുമാനിക്കുന്നുണ്ട്. പക്ഷെ ഭൂമി നല്‍കാന്‍ നിര്‍വ്വാഹമില്ല, നിങ്ങള്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ പോയി പട്രോളിംഗ് നടത്തിക്കൊള്ളുക – അദ്ദേഹം പറഞ്ഞു.

സീപ്ലെയിന്‍ സര്‍വ്വീസുകള്‍ നടത്താന്‍ കഴിയുന്ന ഒരു കേന്ദ്രത്തിനായി മന്ത്രി നേവിയുടെ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ നേവി സമ്മതിക്കാത്ത സാഹചര്യത്തില്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നേവിയുടെ അനുവാദമില്ലാതെ അവരുടെ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.ഈ സംഭവത്തിലുള്ള അമര്‍ഷമാണ് ഇപ്പോഴത്തെ വിമര്‍ശനത്തിന് അടിസ്ഥാനം. അന്താരാഷ്ട്ര മാതൃകയിലുള്ള മിയാമി- സറ്റൈല്‍ ക്രൂയിസ് ടെര്‍മിനലിന്റെ തറക്കല്ലിടുന്ന ചടങ്ങിലാണ് ഗഡ്കരി പ്രതികരിച്ചത്.