'പീഡനത്തിന് കാരണം വസ്ത്രധാരണവും ലിപ്സ്റ്റിക്കും, നിര്‍ഭയ സംഭവത്തിന് കാരണം അമ്മയുടെ ശ്രദ്ധക്കുറവ്' അധ്യാപികയുടെ പരാമര്‍ശം വിവാദമാകുന്നു

രാജ്യത്ത് വര്‍ധിച്ചു വരുന്ന പീഡന സംഭവങ്ങള്‍ക്കു കാരണം സ്ത്രീകളുടെ വസ്ത്രധാരണവും ലിപ്സ്റ്റിക് ഉപയോഗവുമാണെന്ന് അധ്യാപിക. ഡല്‍ഹിയിലെ നിര്‍ഭയ കേസിലേക്ക് നയിച്ചതും ഇക്കാരണമാണെന്നും, അമ്മയുടെ ശ്രദ്ധയില്ലായ്മയാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് അധ്യാപിക വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. റായ്പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ബയോളജി അധ്യാപിക സ്നേഹലത ശങ്കറാണ് വിവാദപരമായ പരാമര്‍ശം നടത്തിയത്.

മുഖസൗന്ദര്യമില്ലാത്ത പെണ്‍കുട്ടികളാണ് ശരീര പ്രദര്‍ശനം നടത്തുന്നത്. പെണ്‍കുട്ടികള്‍ക്ക് നാണമില്ലാതായിരിക്കുന്നു. നിര്‍ഭയ തന്റെ ദുരന്തം വിളിച്ചു വരുത്തുകയായിരുന്നു. എന്തിനാണ് ഭര്‍ത്താവില്ലാതെ അന്യപുരുക്ഷനോടൊപ്പം നിര്‍ഭയ ബസില്‍ യാത്ര ചെയ്തത്. അവരുടെ അമ്മയുടെ ശ്രദ്ധക്കുറവാണ് അപകടം വിളിച്ചു വരുത്തിയെന്ന വിചിത്രവാദവും അധ്യാപിക ഉന്നയിച്ചു. ഡല്‍ഹിയില്‍ ബസില്‍ ക്രൂര പീഡനത്തിന് ഇരയായി മരിച്ച നിര്‍ഭയയെ അപമാനിക്കുന്ന തരത്തിലാണ് അധ്യാപികയുടെ പരാമര്‍ശങ്ങള്‍.

Read more

അധ്യാപികയുടെ വിചിത്ര പരാമര്‍ശത്തിന്റെ പേരില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. പരാതി ലഭിച്ചതായി പ്രിന്‍സിപ്പാള്‍ ഭഗവാന്‍ ദാസ് അഹിരെ സ്ഥിരീകരിച്ചെങ്കിലും അധ്യാപിക പറഞ്ഞത് ഒരു കളിതമാശമാത്രമായിരുന്നു എന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം. അധ്യാപിക നടത്തിയ കൗണ്‍സിലങ് ക്ലാസ് ചില പെണ്‍കുട്ടികള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.  ഈ ക്ലാസ്സുകള്‍ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അല്ലാത്ത പക്ഷം വിദ്യാഭ്യാസ മന്ത്രിയെയും, ജല്ലാകളക്ടറെയും സമീപിക്കുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.