അസ്ഥികൂടങ്ങള്‍ കുട്ടികളുടേതല്ല; ബിഹാറിലെ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് സി.ബി.ഐ

ബിഹാറിലെ മുസഫര്‍പുരിലെ അഭയകേന്ദ്രത്തില്‍ കൊല്ലപ്പെട്ടെന്ന് സംശയിച്ചിരുന്ന 35 പെണ്‍കുട്ടികളും ജീവനോടെയുണ്ടെന്നും നേരത്തെ കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ കുട്ടികളുടേതല്ലെന്നും സിബിഐ സംഘം സുപ്രീം കോടതിയെ അറിയിച്ചു.

കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അഭയകേന്ദ്രത്തില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഇത് കുട്ടികളുടേതാകാമെന്നും കേസിലെ മുഖ്യപ്രതിയായ ബ്രജേഷ് ഠാക്കൂര്‍ 11 പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതായി കരുതുന്നുണ്ടെന്നും സിബിഐ കഴിഞ്ഞവര്‍ഷം സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്.

Read more

കൊല്ലപ്പെട്ടെന്ന് കരുതിയിരുന്ന കുട്ടികളെയെല്ലാം പിന്നീട് ജീവനോടെ കണ്ടെത്തി. മുസാഫര്‍പുരിനൊപ്പം ബിഹാറിലെ ആകെ 17 അഭയകേന്ദ്രങ്ങളെ കുറിച്ചാണ് സിബിഐ അന്വേഷണം നടത്തിയത്. ഇതില്‍ 13 എണ്ണത്തില്‍ കുറ്റപത്രം നല്‍കി. പ്രാഥമികാന്വേഷണത്തില്‍ തന്നെ കഴമ്പില്ലെന്ന് കണ്ടെത്തിയതിനാല്‍ നാല് കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചതായും സിബിഐ കോടതിയെ അറിയിച്ചു.