കനയ്യ കുമാറിന്റെ ജനപ്രീതിയോട് എതിരിടാനാവില്ല; ബഹുസരായിയില്‍ മത്സരിക്കണമെന്ന പാര്‍ട്ടിയുടെ നിര്‍ബന്ധത്തില്‍ രോക്ഷാകുലനായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

ബിഹാറിലെ ബഹുസരായിയില്‍ കനയ്യ കുമാറിനെതിരെ മത്സരിക്കുന്നതില്‍ പിന്നോക്കം മാറി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിംഗ്. ബഹുസരായില്‍ സിപി ഐ യുവനേതാവും ജെഎന്‍യു സമരത്തിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്ത കനയ്യ കുമാര്‍ ആണ് സ്ഥാനാര്‍ത്ഥി എന്നറിഞ്ഞതു മുതല്‍ ഗിരിരാജ് സിംഗിന് ഏനക്കേടാണ്.

തുടര്‍ന്ന് സുരക്ഷിത മണ്ഡലം എന്ന നിലയ്ക്ക് നവാഡയില്‍ മത്സരിക്കാന്‍ ഉറപ്പിക്കുയായിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്‍വലിക്കാനാവശ്യപ്പെട്ട് തന്നെ വന്നു കണ്ട ബിജെപി ദേശീയ നേതാക്കളോട് കയര്‍ക്കുകയും ഒഴിവാക്കി വിടുകയും ചെയ്തു. എന്നാലും കനയ്യക്കെതിരെ മത്സരിക്കണമെന്നാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്നത്. ആര്‍ ജെ ഡി, ബിജെപി ത്രികോണ മത്സരം നടക്കുന്ന ബഗുസരായിയില്‍ നിന്ന് ജനവിധി തേടിയാല്‍ കനയ്യയുടെ ജനപ്രീതിയും ഒപ്പം സമുദായ വോട്ടുകളുടെ ധ്രൂവീകരണവുമാണ് ഗിരിരാജിനെ പിന്നോക്കം വലിക്കുന്നത്.

മണ്ഡലത്തിലെ പ്രബല വിഭാഗമായ ഭൂമിഹാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നവരാണ് കനയ്യയും ഗിരിരാജ് സിംഗും. ഈ മണ്ഡലത്തില്‍ ഇക്കുറി മത്സരിക്കുന്നത് ക്ഷീണമാകും എന്നാണ് ഗിരിരാജ് സിംഗ് കരുതുന്നത്. ഇതിനിടയില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി കനയ്യക്ക് വോട്ട് മറിച്ച് നല്‍കുമോ എന്ന ഭയവുമുണ്ട്. തന്റെ ആത്മാഭിമാനത്തെ പാര്‍ട്ടി മുറിപ്പെടുത്തിയെന്നാണ് ഇത് സംബന്ധിച്ച് ഗിരിരാജ് സിംഗ് പറഞ്ഞത്.