ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: പേപ്പർ ബാലറ്റ് എണ്ണിത്തുടങ്ങി, ടി.ആർ.എസ് മുന്നേറ്റം

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടു പ്രകാരം ടി.ആർ.എസാണ് മുന്നിൽ. 31-ഓളം സീറ്റുകളിൽ ടി.ആർ.എസാണ് ലീഡ് ചെയ്യുന്നത്. 12 സീറ്റുകളിൽ ബി.ജെ.പിയും 7-ൽ എ.ഐ.എം.ഐ.എമ്മും ഒന്നിൽ കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. നേരത്തേ പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ ബി.ജെ.പിയായിരുന്നു മുന്നിൽ.

150 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 24 നിയമസഭ മണ്ഡലങ്ങളാണ് ജി.എച്ച്.എം.സി പരിധിയിൽ വരുന്നത്. 2016 -ലെ തിരഞ്ഞെടുപ്പിൽ 150 വാർഡുകളിൽ 99- ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ആകെ 74.67 ലക്ഷം വോട്ടർമാരാണുള്ളത്. 34.50 ലക്ഷം (46.55 ശതമാനം) പേരാണ് ഇത്തവണ വോട്ട് ചെയ്തത്. അതേസമയം 26ാം നമ്പർ വാർഡിലെ 69ാം പോളിംഗ് സ്റ്റേഷനിൽ ബാലറ്റ് പേപ്പറിൽ അച്ചടി പിശക് കണ്ടെത്തിയതിനെ തുടർന്ന് വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. ഇതേതുടർന്ന് ഫലങ്ങൾ വൈകുന്നേരമോ രാത്രിയിലോ മാത്രമേ പൂർണ്ണമാവൂ എന്നാണ് സൂചന. വോട്ടെണ്ണുന്നതിന് മുമ്പായി ഉദ്യോഗസ്ഥർ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.

വോട്ടെണ്ണുന്നതിനാ‍യി 30-ഓളം ടേബിളുകളാണ് സജ്ജീകരിച്ചത്. 8,000 ത്തിലധികം ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചു. ഓരോ കൗണ്ടിംഗ് ടേബിളിലും സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകളിൽ വോട്ടെണ്ണൽ പ്രക്രിയ രേഖപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

2023- ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മത്സരമായതിനാൽ രാഷ്ട്രീയ പാർട്ടികൾ അതീവ പ്രാധാന്യത്തോടെയാണ് ഫലത്തെ കാണുന്നത്. ബി.ജെ.പിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി പ്രസിഡന്‍റ് ജെ.പി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി, ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി തുടങ്ങിയ പ്രമുഖർ പ്രചാരണത്തിന് എത്തിയിരുന്നു.