'ഗരുഡ് ഗംഗാ നദീ ജലം സുഖപ്രസവത്തിനും പാമ്പുകടിക്കും ഉത്തമ ഔഷധം'; ബി.ജെ.പി നേതാവ് അജയ് ഭട്ട്

പ്രസവം സുഖകരമാകാനും പാമ്പു കടിയേറ്റാല്‍ സുഖപ്പെടാനും ഉത്തരാഖണ്ഡിലെ ഗരുഡ് ഗംഗാ നദിയിലെ വെള്ളം കുടിച്ചാല്‍ മതിയെന്ന് ബി.ജെ.പി നേതാവ്. ഉത്തരാഖണ്ഡ് ബി.ജെ.പി. അധ്യക്ഷനും എം.പിയുമായ അജയ് ഭട്ടാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് ഗരുഡ് ഗംഗ.വ്യാഴാഴ്ച ലോക്സഭയില്‍ സെന്റര്‍ കൗണ്‍സില്‍ അമന്‍മെന്‍ഡ് (ഹോമിയോപ്പതി) ബില്ലിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അജയ് ഭട്ട് ഇക്കാര്യം പറഞ്ഞത്. ഈ നദിയിലെ വെള്ളത്തിന് മാത്രമല്ല കല്ലുകള്‍ക്കും ഔഷധ ഗുണമുള്ളതായി അദ്ദേഹം വെളിപ്പെടുത്തി. പാമ്പ് കടിക്കുള്ള ഔഷധമായാണ് കല്ലുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.പാമ്പ് കടിയേറ്റ ഭാഗത്ത് ഈ കല്ലുകള്‍ ഉരയ്ക്കുകയാണെങ്കില്‍ അപകടമൊഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസവ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ നദിയിലെ കല്ല് എടുത്ത് വയറില്‍ ഉരസുകയും കല്ല് പൊടിച്ച് നദീജലത്തില്‍ കലക്കി കുടിക്കുകയും ചെയ്താല്‍ മതി. സിസേറിയനൊന്നും വേണ്ടിവരില്ല. എംപി പറഞ്ഞു.

വളരെകുറച്ച് ആളുകള്‍ക്ക് മാത്രമെ ഈ നദീ ജലത്തിന്റെ ഔഷധ ഗുണത്തെക്കുറിച്ച് അറിയുകയുള്ളുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആയുര്‍വേദത്തിലും യുനാനിയിലും സിദ്ധയിലും ഹോമിയോയിലും വളരെ നല്ല ചികിത്സയുണ്ടെന്നും ഇത്തരത്തിലുള്ള അത്ഭുതകരമായ രീതികളെ എന്തിനാണ് പ്രതിപക്ഷം പരിഹസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.