അധോലോക കുറ്റവാളി ഇജാസ് ലക്ദാവാല മുംബൈയിൽ അറസ്റ്റിൽ

അധോലോക കുറ്റവാളി ഇജാസ്​ ലക്​ദാവാലയെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഈസ്റ്റ്‌വെസ്റ്റ് എയര്‍ലൈന്‍സ് എം.ഡിയും മലയാളി വ്യവസായിയുമായ തക്കിയുദ്ദീന്‍ വാഹിദിനെ വധിച്ച കേസില്‍ പ്രതിയാണ്  ഇജാസ് ലഡ്കാവാല ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ അംഗമായ ഇയാളെ കഴിഞ്ഞ രാത്രി പട്‌നയില്‍ നിന്നാണ് പിടികൂടിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇജാസിനെ 21 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

1995 നവംബര്‍ 13-നാണ് മുംബൈയില്‍ തക്കിയുദ്ദീന്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇജാസ് കാനഡയിലേക്ക് കടക്കുകയായിരുന്നു. സാമ്പത്തിക തട്ടിപ്പ്, കൊലപാതക ശ്രമങ്ങള്‍, കലാപങ്ങള്‍ അടക്കം 25 ഓളം കേസുകളില്‍ ഇജാസിന്റെ പേരിലുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി പൊലീസ് തേടുന്ന പ്രതിയാണിയാള്‍.

സ്വന്തമായി ഗുണ്ടാസംഘം ഉണ്ടാക്കുന്നതിന് മുമ്പാണ് ഇയാള്‍ ദാവൂദ് ഇബ്രാഹിമിന്റെ കീഴില്‍ ഛോട്ടാ രാജനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചത്. ഇയാളുടെ മകള്‍ സോണിയയെ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് സ്വന്തമാക്കിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സോണിയ പിടിയിലായത്.

ബാന്ദ്രയിലുള്ള ഒരു റിയല്‍ എസ്‌റ്റേറ്റ്-നിര്‍മ്മാണ വ്യവസായിലെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് സോണിയ ലഡ്കാവാലയെ അറസ്റ്റു ചെയ്തത്. പിതാവിന്റെ പേര് ഉപയോഗിച്ചായിരുന്നു ഭീഷണിപ്പെടുത്തല്‍. വിവാഹശേഷം സോണിയ ഷെയ്ഖ് എന്ന പേര് മാറ്റുകയും ചെയ്തിരുന്നു.