ആന്ധ്രാ സി.എം മുതല്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒ വരെ; എല്ലാ മേഖലയിലും പ്രഗല്‍ഭരെ വാര്‍ത്തെടുത്ത് ഹൈദരബാദിലെ പബ്ലിക് സ്‌കൂള്‍

നൂറാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ ബിസ്‌നസ് രംഗത്തും രാഷ്ട്രീയ രംഗത്തും അനേകം പ്രതിഭകളെ വാര്‍ത്തെടുത്ത് ഹൈദരബാദ് പബ്ലിക് സ്‌കൂള്‍.

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനദെല്ല, ഇന്ത്യയുടെ യു.എന്‍ പ്രതിനിധി സയിദ് അക്ബറുദ്ദിന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി, ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ബോഗ്‌ലെ, കൂടാതെ മാസ്റ്റര്‍കാര്‍ഡ് പ്രസിഡന്റും സി.ഇ.ഒയുമായ അജയ് ബാംഗ, ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങിന്റെ പ്രേം വാട്‌സ, അഡോബ് സിസ്റ്റം സി.ഇ.ഒ ഷാന്തനു നാരായണ്‍ തുടങ്ങിയവരെല്ലാം ഹൈദരാബാദ് പബ്ലിക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

രാഷ്ട്രീയം, ബിസിനസ്, സിവില്‍ സര്‍വീസ്, കായികം,സിനിമ മേഖലയിലും ഹൈദരാബാദ് പബ്ലിക് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒരുപാടുണ്ട്.

കോബ്ര ബീര്‍ സ്ഥാപകനും യു.കെ പാര്‍ലമെന്റ് അംഗവുമായ കരണ്‍ ബില്ലിമോറിയ, ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.കിരണ്‍ കുമാര്‍ റെഡ്ഡി, ആള്‍ ഇന്ത്യ മജിലിസ് ഇത്തിഹാദുല്‍ മുസ്ലിമിന്‍ (എ.ഐ.എം.ഐ.എം) മേധാവിയും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസി, മുന്‍ ക്രിക്കറ്റര്‍ വെങ്കടപതി രാജു, തെലുങ്ക് സിനിമാതാരം അക്കിനേനി നാഗാര്‍ജുന, റാണാ ദഗുബട്ടി, ഐക്യരാഷ്ട്ര സഭയില്‍ കശ്മിരിനുവേണ്ടി ഇന്ത്യയുടെ ഭാഗത്തുനിന്നും സംസാരിച്ച സയിദ് അക്ബറുദ്ദിന്‍ എന്നിവരെല്ലാം ഈ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.

ഹൈദരാബാദിലെ അവസാന നിസാമായിരുന്ന മിര്‍ ഒസ്മാന്‍ അലിഖാന്‍ 1923 ലാണ് സ്‌കൂള്‍ സ്ഥാപിച്ചത്. പൂര്‍ണമായും പ്രഭുക്കന്മാരുടെ മക്കള്‍ക്ക് മാത്രമായിരുന്നു പഠനാവസരം. 1951 ലാണ് സ്‌കൂള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. എന്നാല്‍ സ്വാതന്ത്ര്യത്തിനും ഹൈദരബാദ് സ്റ്റേറ്റ് ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതിനു ശേഷവും സമ്പന്നരുടെയും രാഷ്ട്രീയനേതാക്കളുടേയും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടേയും മക്കള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചിരുന്നത്.

1984മുതലാണ് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ ആരംഭിച്ചത്. 1923ല്‍ വെറും ആറു കുട്ടികളുമായാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്നിവിടെ 3000 കുട്ടികള്‍ പഠിക്കുന്നുണ്ട്.

ഹൈദരാബാദ് നഗരത്തില്‍ 1300 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്‌കൂളില്‍ ട്രെക്കിങ് റൂട്ടുകള്‍, രണ്ട് ക്രിക്കറ്റ് മൈതാനങ്ങള്‍, നിരവധി ഹോക്കി, ഫുട്‌ബോള്‍ മൈതാനങ്ങള്‍ എന്നിവയും ഒരു വലിയ ലൈബ്രറിയും ഉണ്ട്. സമൂഹത്തിലെ സാമൂഹികവും സാമ്പത്തികവുമായ സമത്വം കാത്തുസൂക്ഷിക്കുന്ന സ്‌കൂളില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും പഠിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു.