പ്രണബ് മുഖർജിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേനാക്കി; വെന്റിലേറ്ററില്‍ ചികിത്സയില്‍

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്  മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതോടെയാണ് തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്‌. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലാണ് ഇപ്പോൾ അദ്ദേഹം.

ശസ്ത്രക്രിയ വിജയമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്. 84- കാരനായ മുന്‍ രാഷ്ട്രപതിയുടെ ആരോഗ്യനില പരിശോധിക്കാനായി ഡോക്ടര്‍മാരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്‌. രാത്രിയോടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആശുപത്രിയിലെത്തി ബന്ധുക്കളും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായാണ് അദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയത്‌.

കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും 84-കാരനായ അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.