“ഇത് ക്രൂരത...മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുകയാണ്...,”: വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സർക്കാരിന് എതിരെ ചന്ദ്രബാബു നായിഡു

ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണ് കടന്നു പോകുന്നതെന്നും പൊലീസ് നടപടി ക്രൂരവും ചരിത്രത്തിൽ അഭൂതപൂർവവുമാണെന്നും മുൻ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരെ വൻ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയാൻ മുൻ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകൻ നര ലോകേഷ്, തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി) നേതാക്കൾ എന്നിവരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് ആന്ധ്ര സർക്കാർ. പുറത്തിറങ്ങാതിരിക്കാൻ ചന്ദ്രബാബു നായിഡുവിന്റെ വസതിയിലെ ഗേറ്റ് പൊലീസ് വലിയ വടം വെച്ച് ബന്ധിച്ചിരിക്കുകയാണ്.

“സർക്കാർ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുകയാണ്. ഞാൻ സർക്കാരിനും പൊലീസിനും മുന്നറിയിപ്പ് നൽകുന്നു, ഞങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ട് നിങ്ങൾക്ക് ഞങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല,” ചന്ദ്രബാബു നായിഡു വീട്ടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ന് രാത്രി 8 മണി വരെ അദ്ദേഹം സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നിരാഹാരം കിടക്കും. ദേവിനേനി അവിനാശ്, കെസിനേനി നാനി, ഭൂമി അഖിലപ്രിയ എന്നിവരാണ് വീട്ടുതടങ്കലിൽ കഴിയുന്ന മറ്റ് പ്രമുഖ ടിഡിപി നേതാക്കൾ.

ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (വൈ എസ് ആര്‍ സി പി) നടത്തുന്ന അക്രമങ്ങൾക്കും ഭീഷണിക്കും എതിരെ ടി.ഡി.പി പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നു. ഗുണ്ടൂരിൽ ഇന്ന്‌ റാലി നടത്താനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി. ഗുണ്ടൂരിൽ 144 പ്രഖ്യാപിച്ചു. റാലിക്ക് പൊലീസ് അനുമതിയും നിഷേധിച്ചു. അക്രമത്തിന് കാരണമായേക്കാവുന്ന വലിയ സമ്മേളനങ്ങൾ പൽനാട് മേഖലയിൽ പൊലീസ് നിരോധിച്ചിട്ടുണ്ട്.