സഹകരണ മന്ത്രാലയം, ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റം: സീതാറാം യെച്ചൂരി

സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണ സൊസൈറ്റികള്‍ സംസ്ഥാന വിഷയമാണെന്നിരിക്കെയുള്ള ഈ നീക്കം അംഗീകരിക്കാൻ കഴിയില്ല.

കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തുക ലോണ്‍ നല്‍കി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ചതിന് പിന്നാലെ രാജ്യത്തെ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപവും കൊള്ളയടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്തെ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനായി പുതിയ ‘സഹകരണ മന്ത്രാലയം’ രൂപീകരിച്ചതായി ഇന്നലെ നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് ഈ പുതിയ മന്ത്രാലയം പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് സൃഷ്ടിക്കുമെന്ന് സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞു.

Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിലെ രണ്ടാം സ്ഥാനക്കാരനായ അമിത് ഷാ നിലവിലെ ആഭ്യന്തരകാര്യ വകുപ്പിനൊപ്പം പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയവും കൈകാര്യം ചെയ്യും. ഇന്നലെ നടന്ന വിപുലമായ മന്ത്രിസഭാ പുനഃസംഘടനയിലാണ് അമിത് ഷായ്ക്ക് പുതിയ മന്ത്രാലയത്തിന്റെ അധിക ചുമതല ലഭിച്ചത്.