ഫ്ലോച്ചിനൗസിനിഹിലിപിലിഫിക്കേഷൻ? മനസ്സിലായില്ലെങ്കിൽ സാരമില്ല റിസർവ് ബാങ്ക് ഗവർണർക്ക് അറിയാം

ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം കൂടുതൽ സങ്കീർണമാകുമ്പോൾ, ധനനയ സൃഷ്ട്ടാക്കളിൽ നിന്നുള്ള വാക്കുകളും കടുപ്പത്തിൽ ആവുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ സമയം പിടിക്കും എന്ന് പറയപ്പെടുന്നത് പോലെ, ഇവർ ഉപയോഗിക്കുന്ന വാക്കുകൾ- ശശി തരൂർ അല്ല നിങ്ങളെങ്കിൽ- മനസ്സിലാക്കി എടുക്കാനും കുറച്ചു സമയം എടുക്കും.

അടുത്തിടെ നടന്ന ധനനയ സമിതി യോഗത്തിൽ (എം.പി.സി) റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങളും, യോഗവിവരണത്തിലും (മിനിട്‌സ്) ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ മനസ്സിലാക്കാൻ സെൻട്രൽ ബാങ്ക് നിരീക്ഷകർക്ക് നിഘണ്ടുക്കളും ഗൂഗിളും ഒരാഴ്ചയോളം തിരയേണ്ടി വന്നു എന്നാണ് അങ്ങാടി പാട്ട് .

“ഇന്ത്യയിലെ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ നിർഭാഗ്യവശാൽ “ഫ്ലോച്ചിനൗസിനിഹിലിപിലിഫിക്കേഷന്” (“floccinaucinihilipilification”) വിധേയമായിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, വളർച്ച കൈവരിക്കാൻ സാധ്യതയുണ്ട്.” ബുധനാഴ്ച പ്രസിദ്ധീകരിച്ച യോഗവിവരണത്തിൽ എം.പി.സി അംഗം ചേതൻ ഘാട്ടെ പറഞ്ഞു. ഈ പറഞ്ഞതിൽ “floccinaucinihilipilification” എന്ന വാക്കിന്റെ അർത്ഥമാണ് എല്ലാവരും തിരഞ്ഞത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉത്ഭവിച്ച അപൂർവമായി ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് ഇത് എന്നാണ് ഓക്സ്ഫോർഡ് നിഘണ്ടു പറയുന്നത്. എന്തിനെയെങ്കിലും വിലകെട്ടതായി കണക്കാക്കുന്ന പ്രവർത്തനത്തെ വിവരിക്കാൻ അല്ലെങ്കിൽ “മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക” എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം.

“ഞങ്ങൾ ഒരു പാംഗ്ലോഷ്യൻ (Panglossian) പെരുമാറ്റം കാത്തുസൂക്ഷിക്കുന്നുവെന്നും എല്ലാ ബുദ്ധിമുട്ടുകളെയും ചിരിച്ചു തള്ളുന്നു എന്ന് ഞാൻ പറയുന്നില്ല,” തിങ്കളാഴ്ച, ശക്തികാന്ത ദാസ് സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ഒരു പ്രസംഗത്തിൽ പറഞ്ഞു.

പാംഗ്ലോഷ്യൻ ജീവിത രീതിയെന്ന് പറയാറുള്ളത് അങ്ങേയറ്റത്തെ ശുഭാപ്തിവിശ്വാസം പുലർത്തുന്നതിനെയാണെന്ന് നിഘണ്ടു പറയുന്നു. 1759- ൽ ഫ്രഞ്ച് തത്ത്വചിന്തകനായ വോൾട്ടയർ എഴുതിയ ആക്ഷേപഹാസ്യം – “കാൻഡൈഡ്, l എൽ ഒപ്റ്റിമിസ്മെ” അല്ലെങ്കിൽ “കാൻഡൈഡ്: ഒപ്റ്റിമിസം”ത്തിലെ കഥാപാത്രമായ പ്രൊഫസർ പാൻഗ്ലോസിൽ നിന്നാണ് ഈ പദപ്രയോഗം ഉണ്ടാവുന്നത്.

അതേസമയം നിലവിലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ വലിയ തോതിലുള്ള യഞ്ജം ആവശ്യമാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഓഗസ്റ്റ് ഏഴിന് ചേര്‍ന്ന ആര്‍.ബി.ഐയുടെ ധനനയ സമിതിയില്‍ പറഞ്ഞു. 2019 ജൂണ്‍ മുതല്‍ മിക്ക സൂചികകളും താഴോട്ടാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കഴിഞ്ഞ വായ്പാ നയത്തില്‍ അസാധാരണമായി 35 ബേസിസ് പോയിന്റാണ് റിപ്പോ നിരക്കില്‍ ആര്‍.ബി.ഐ കുറവു വരുത്തിയിരുന്നത്.

കടപ്പാട്: എൻ.ഡി.ടി.വി