കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ, സാധിച്ചില്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും: നവജ്യോത് സിംഗ് സിദ്ദു

രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും കൂറുമാറ്റത്തിന് പ്രേരിപ്പിക്കുകയാണെന്നും പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ഞായറാഴ്ച ആരോപിച്ചു. എതിരാളികളായ രാഷ്ട്രീയ നേതാക്കളോട് ഒന്നുകിൽ തങ്ങൾക്കൊപ്പം ചേരണമെന്നും അല്ലെങ്കിൽ ജയിലിൽ അടയ്ക്കപ്പെടുമെന്നും ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതായി നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു. പ്രാദേശിക എം.എൽ.എ ബൽവീന്ദർ സിംഗ് ധലിവാൾ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സിദ്ദു.

“വോട്ട് ധ്രുവീകരണത്തിന്റെ മോശം രാഷ്ട്രീയമാണ് ബിജെപി അവലംബിച്ചത്, കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതിന് എതിരാളികളെ വരുതിയിലാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും മറ്റ് ഏജൻസികളെയും ഉപയോഗിക്കുന്നു,” സിദ്ദു പറഞ്ഞു.

ജലന്ധറിൽ ബിജെപി ഓഫീസ് തുറന്നതിനെ പരിഹസിച്ച സിദ്ദു, അഞ്ച് വർഷമായി സംസ്ഥാനത്ത് കാണാതിരുന്ന ഒരു പാർട്ടി ഇപ്പോൾ എതിരാളികൾക്ക് വേണ്ടി ഓഫീസ് തുറന്നിരിക്കുകയാണെന്ന് പറഞ്ഞു. “ബിജെപി ഓഫീസ് തുറന്നതിന്റെ അർത്ഥം ഒന്നുകിൽ ഞങ്ങളോടൊപ്പം ചേരുക അല്ലെങ്കിൽ ഇരുമ്പഴിക്കുള്ളിൽ കഴിയുക എന്നാണെന്നും സിദ്ദു പറഞ്ഞു.

എതിരാളികൾക്കിടയിൽ ഭീകരത സൃഷ്ടിക്കാനുള്ള വൃത്തികെട്ട കളിയാണ് ബിജെപി കളിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ ഇത്തരം ‘തന്ത്രങ്ങളിൽ’ സത്യസന്ധരായ ആളുകൾ തളരാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത തലമുറയ്ക്കു വേണ്ടിയാണെന്നും പഞ്ചാബിനെ മാഫിയയിൽ നിന്ന് രക്ഷിക്കുമെന്നും സിദ്ദു പറഞ്ഞു.

Read more

പഞ്ചാബിനെയും വരുംതലമുറയെയും രക്ഷിക്കണമെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യൂ എന്നാൽ പഞ്ചാബിനെ ജീവിക്കാൻ യോഗ്യമല്ലാതാക്കണമെങ്കിൽ കള്ളന്മാർക്കും മാഫിയകൾക്കും വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. നന്മയും മാഫിയയും സത്യവും അസത്യവും തമ്മിൽ തിരഞ്ഞെടുക്കാനുള്ള വലിയ അവസരമാണ് തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. തന്റെ 13 ഇന പരിപാടി പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നാണ് താൻ വാക്ക് നൽകുന്നതെന്ന് സിദ്ദു പറഞ്ഞു. അധികാരത്തിൽ എത്തിയാൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ നൽകാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഉറപ്പു നൽകുന്നതായും സിദ്ദു പറഞ്ഞു. തന്റെ മാതൃക പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.