കോവിഡ് മരണങ്ങൾ കുതിച്ചുയരുന്നു, ശ്​മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു; ഒരു ചിതയിൽ അഞ്ചു പേർ, ഗുജറാത്തിൽ കൂട്ടശവദാഹം

ഗുജറാത്തിൽ കോവിഡ് മരണങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ  കൂട്ടശവദാഹം നടക്കുന്നതായി റിപ്പോർട്ട്. 18 അടി നീളവും എട്ടടി വീതിയുമുള്ള ഒരു പട്ടടയിൽ അഞ്ചു പേരെ വരെയാണ് ദഹിപ്പിക്കുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സൂറത്തിൽ ഇത്തരം ശവദാഹങ്ങൾ സാധാരണമായി എന്നാണ് റിപ്പോർട്ട് പറയുന്നു. മൃതദേഹങ്ങൾ കാത്തുകിടക്കുന്നതു മൂലമാണ് കൂട്ടദഹനം നടത്താൻ അധികൃതർ തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹയരാണ് എന്നും അധികൃതർ പറയുന്നു.

“മിക്ക കേസുകളിലും ഒറ്റയ്ക്കാണ് ദഹിപ്പിക്കുന്നത്. എന്നാൽ മൃതദേഹങ്ങൾ കൂടുതലായതോടെ ഒരു പട്ടടയിൽ അഞ്ചെണ്ണം വെയ്ക്കും. മൂന്ന് മീറ്റർ അകലത്തിൽ വെച്ചാണ് ദഹിപ്പിക്കുന്നത്” – ശ്മശാനം ട്രസ്റ്റി പ്രവീൺ പട്ടേൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്ന് ചെറിയ വാനുകളിൽ പോലും മൂന്നു വീതം മൃതദേഹമാണ് ശ്മശാനത്തിലേക്ക് എത്തുന്നത്. വലിയ ചിതയ്ക്കരികിലായാണ് വാനുകൾ നിർത്തുന്നത്. കൈലാശ് മോക്ഷ്ധാമിൽ മാത്രം മൂന്ന് കൂറ്റൻ ചിതകൾ എല്ലാ സമയവും പ്രവർത്തിക്കുന്നുണ്ട്. ശ്മശാനത്തിലേക്ക് നിലവിൽ സ്വകാര്യവ്യക്തികൾക്ക് പ്രവേശനമില്ല. ഫോട്ടോയോ വീഡിയോയോ എടുക്കാൻ അനുവാദവുമില്ല.

Read more

അതിനിടെ, കോവിഡ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി രംഗത്തെത്തി. മുന്‍കരുതല്‍ നേരത്തെ സ്വീകരിച്ചിരുന്നുവെങ്കില്‍ വിഷയം ഇത്രമാത്രം ഗുരുതരമാകില്ലായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് വിക്രം നാഥ് ചൂണ്ടിക്കാട്ടി.