പശ്ചിമബംഗാളിലെ ബർദ്വാൻ മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ തീപിടുത്തം; ഒരു മരണം

പശ്ചിമബംഗാളിലെ ബര്‍ദ്വാന്‍ മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ തീപിടുത്തം. തീപിടുത്തത്തെ തുടര്‍ന്ന് ചികിത്സയില്‍ ഉണ്ടായിരുന്ന ഒരു രോഗി മരിച്ചു. കിഴക്കന്‍ ബര്‍ദ്വാന്‍ സ്വദേശിനിയായ സന്ധ്യ റോയിയാണ് മരിച്ചത്. 60 വയസായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് മെഡിക്കല്‍ കോളജില്‍ തീപിടുത്തം ഉണ്ടായത്. കോവിഡ് ചികിത്സയ്ക്ക് വേണ്ട് സജ്ജമാക്കിയിരുന്ന രാധാറാണി വാര്‍ഡിലാണ് തീപിടിച്ചത്. ആദ്യം രോഗികളുടെ ബന്ധുക്കള്‍ തീയണയ്ക്കാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ ആശുപത്രിയില്‍ എത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു എന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല എന്നാണ് അധികൃതരുടെ നിലപാട്. തീപിടുത്തം ഉണ്ടായത് എങെങനെയാണ് എന്ന് അന്വേഷിക്കാന്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അറിയാനായി ഫോറന്‍സിക് പരിശോധന നടത്തും എന്ന് ബര്‍ദ്വാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രബീര്‍ സെന്‍ഗുപ്ത പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.