ഹരിയാനയിലെ ആള്‍ക്കൂട്ട മര്‍ദ്ദനം: ഇരയായ മുസ്ലിം കുടുംബത്തിന് എതിരെ പൊലീസ് കേസ്

ഡല്‍ഹി-ഹരിയാന അതിര്‍ത്തി പ്രദേശമായ ഗുരുഗ്രാമില്‍ കഴിഞ്ഞ ദിവസം 25 ഓളം ഹിന്ദുത്വ ഭീകരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മുസ്ലിം കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. ഹോളി ദിവസം നടന്ന അക്രമത്തിലെ മുഖ്യ പ്രതി രാജ്കുമാര്‍ നല്‍കിയ പരാതിയിലാണ് ഇരകള്‍ക്ക് നേരെ പൊലീസ് കേസെടുത്തത്.

മുസ്ലിം കുടുംബത്തെ ഒരു സംഘം ആളുകള്‍ വടിയും മറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

“സംഭവ ദിവസം ഞാന്‍ ബൈക്കില്‍ പോകുമ്പോള്‍ ദേഹത്ത് പന്ത് തട്ടി. എതിര്‍ത്തപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നവര്‍ എന്നെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ ചിലയാളുകള്‍ ചേര്‍ന്ന് എന്നെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് കേസുണ്ടെന്ന വിവരം ഞാന്‍ അറിഞ്ഞത്”- രാജ്കുമാര്‍ പരാതിയില്‍ പറയുന്നു.

അതേസമയം കുടുംബത്തിനെതിരെ കേസുണ്ടെന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് പൊലീസ് അറിയിച്ചതെന്ന് കുടുംബാംഗമായ ദില്‍ഷാദ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ദില്‍ഷാദ് ഇപ്പോള്‍ ചികിത്സയിലാണ്. കുടുംബത്തിന് വിവിധ കോണുകളില്‍ നിന്ന് ഭീഷണിയുണ്ടെന്നും ഗുരഗ്രാം വിട്ട് ഡല്‍ഹിയിലേക്ക് താമസം മാറുകയാണെന്നും കുടുംബം വ്യക്തമാക്കി. അക്രമം നടത്തിയ യുവാക്കള്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് സംഭവം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന മുഹമ്മദ് അക്തര്‍ പറഞ്ഞു.

വീടിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മുസ്ലീം കുടുംബത്തിലെ അംഗങ്ങളെ 25 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുഹമ്മദ് സാജിദിന്റെ കുടുംബമാണ് ആക്രമിക്കപ്പെട്ടത്. പാകിസ്ഥാനിലേക്ക് പോകൂ, എന്നാക്രോശിച്ച് അക്രമികള്‍ യുവാക്കളെ വടിയും ലാത്തിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. സാജിദിന്റെ കുടുംബം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരികയായിരുന്നു.