'ഒരു ക്ലാസ്, ഒരു ടിവി ചാനൽ' പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

പ്രധാനമന്ത്രി ഇവിദ്യയുടെ ‘ഒരു ക്ലാസ്, ഒരു ടിവി ചാനൽ’ പരിപാടി 12-ൽ നിന്ന് 200 ടിവി ചാനലുകളായി വിപുലീകരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. 1 മുതൽ 12 വരെ ക്ലാസുകളിൽ പ്രാദേശിക ഭാഷകളിൽ സപ്ലിമെന്ററി വിദ്യാഭ്യാസം നൽകാൻ എല്ലാ സംസ്ഥാനങ്ങളെയും ഇത് പ്രാപ്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ആളുകളുടെയും ചരക്കുകളുടെയും വേഗത്തിലുള്ള സഞ്ചാരം സുഗമമാക്കുന്നതിന് 2022-23ൽ എക്‌സ്‌പ്രസ് വേകൾക്കായുള്ള പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ രൂപീകരിക്കും. 2022-23ൽ ദേശീയ പാതകൾ 25,000 കിലോമീറ്റർ വർധിപ്പിക്കും. പൊതു വിഭവങ്ങൾ വികസിപ്പിക്കുന്നതിനായി 20,000 കോടി സമാഹരിക്കും.

പ്രധാനമന്ത്രി ഗതി ശക്തിയെ നയിക്കുന്നത് 7 ഘടകങ്ങളാണ്: റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബഹുജന ഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക്സ് ഇൻഫ്രാ. 7 ഘടകങ്ങളും സമ്പദ്‌വ്യവസ്ഥയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകും എന്ന് ധനമന്ത്രി പറഞ്ഞു.

രാസരഹിത പ്രകൃതിദത്ത കൃഷി രാജ്യത്തുടനീളം പ്രോത്സാഹിപ്പിക്കും. ആദ്യഘട്ടത്തിൽ ഗംഗാനദിയുടെ 5 കിലോമീറ്റർ വീതിയുള്ള ഇടനാഴികളിൽ കർഷകരുടെ ഭൂമി കേന്ദ്രീകരിച്ചായിരിക്കും ഇതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.