‘ഹോസ്റ്റലിലെ ബാത്ത് റൂമില്‍ നിന്നും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, നിരന്തരം ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കി’; ബി.ജെ.പി മുന്‍ കേന്ദ്ര മന്ത്രി ചിന്മയാനന്ദിന് എതിരെ വിദ്യാര്‍ത്ഥിനി

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദ് നഗ്നദൃശ്യം പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഉത്തര്‍പ്രദേശിലെ നിയമ വിദ്യാര്‍ത്ഥിനി ആവശ്യപ്പെട്ടു. ഡല്‍ഹി പൊലീസിനും മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴിയില്‍ വിദ്യാര്‍ത്ഥിനി ഇക്കാര്യം ആവര്‍ത്തിച്ചു.

ചിന്മയാനന്ദില്‍ നിന്നും ആക്രമണവും ഭീഷണിയും ഒരു വര്‍ഷമായി നേരിടുന്നു എന്നും വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. ചിന്മയാനന്ദിന് കീഴിലുള്ള നിയമ കോളജിലാണ് പഠിച്ചിരുന്നത്. ഹോസ്റ്റലിലെ ബാത്ത് റൂമില്‍ നിന്നും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഇത് ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡനത്തിന് ഇരയാക്കിയെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കി.

ഇതുവരെയും ചിന്മയാനന്ദിനെതിരെ ശക്തമായ നടപടി ഉണ്ടായിട്ടില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. ഷാജഹാന്‍പൂര്‍ പൊലീസ് പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ്, ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയതെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കി.

എന്നാല്‍ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ചിന്മയാനന്ദിന്റെ പ്രതികരണം. പെണ്‍കുട്ടി നാടകം കളിക്കുകയാണെന്നും, ആരോപണങ്ങള്‍ ഓരോ ദിവസവും മാറുകയാണെന്നും ചിന്മയാനന്ദ് കൂട്ടിച്ചേര്‍ത്തു.