കർഷക സംഘടനകളുടെ രാജ്യവ്യാപക ദേശീയപാത ഉപരോധം ഇന്ന്

കർഷക സംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്. പകൽ 12 മണി മുതൽ മൂന്ന് മണി വരെയാണ് ഉപരോധം. ഡൽഹി എൻസിആർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകൾ ഉപരോധിക്കും എന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കയത് പറഞ്ഞു.

കർഷകരുടെ പ്രതിഷേധ സ്ഥലങ്ങൾ ഒഴികെ ഡൽഹിയിലേക്ക് പ്രവേശിക്കാനുള്ള എല്ലാ റോഡുകളും തുറന്നിരിക്കും. കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും നിർദ്ദിഷ്ട റോഡ് തടയൽ ശനിയാഴ്ച പിൻവലിച്ചിട്ടുണ്ട് . പകരം ജില്ലാ മജിസ്‌ട്രേട്ടിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ മെമ്മോറാണ്ടം സമർപ്പിക്കും എന്നും രാകേഷ് ടിക്കയത് പറഞ്ഞു.

സമരവുമായി ബന്ധപ്പെട്ട് കർഷകർക്കുള്ള നിർദ്ദേശങ്ങൾ സംയുക്ത കിസാൻ മോർച്ച പുറത്തിറക്കിയിട്ടുണ്ട്. അടിയന്തര സർവീസുകൾ ഉപരോധ സമയത്ത് അനുവദിക്കും. സർക്കാർ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തർക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും നിർദ്ദേശം ഉണ്ട്.