ജൂൺ 26-ന്​ രാജ്​ഭവൻ ഘരാവോ; പുതിയ സമരമുറയുമായി കർഷക സംഘടനകൾ

കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരം സജീവമാകുന്നു. പ്രക്ഷോഭം തുടരുന്ന കർഷകർ ജൂൺ 26ന്​ രാജ്​ഭവൻ ഘരാവോ ചെയ്യും. പ്രക്ഷോഭം ആറുമാസം പിന്നിടു​മ്പാേഴാണ്​ പുതിയ സമര മാർഗങ്ങളുമായി കർഷകരുടെ നീക്കം.

സംസ്​ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്​ഭവനുകളുടെ മുമ്പിലായിരിക്കും പ്രതിഷേധം. കർഷകർ തങ്ങളുടെ കൊടികളുമായി രാജ്​ഭവനുകൾ ഘരാവോ ചെയ്യും. ഓരോ സംസ്ഥാനങ്ങളുടെയും ഗവർണർമാർക്കും രാഷ്​ട്രപതിക്കും​ നിവേദനം അയക്കുമെന്നും കർഷക സംഘടന വ്യക്തമാക്കി.

“രാജ്യത്ത്​ 1975 ജൂൺ 26നാണ്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചത്​. ജൂൺ 26ന്​ കർഷകപ്രക്ഷോഭം ആരംഭിച്ച്​ ഏഴുമാസമാകും. കാർഷിക മേഖലക്ക്​ പുറമെ ജനങ്ങളുടെ അവകാശങ്ങൾക്ക്​ മേലും ആക്രമണം നടക്കുകയാണ്​. ഇതൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്​” -സംയുക്ത കിസാൻ മോർച്ച നേതാവ്​ ഇ​ന്ദ്രജിത്​ സിംഗ്​ പറഞ്ഞു.

അതേസമയം കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ സമരം വീണ്ടും സജീവമാകുന്നു. അരലക്ഷത്തോളം കർഷകർ ഡൽഹിയിലേക്ക് കടന്നേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് വൻ സന്നാഹത്തെ വിന്യസിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിലെ മുഴുവൻ പാതകളിലും ഡൽഹി പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. അതേസമയം, നിലവിൽ ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടില്ലെന്നാണ് കർഷക സംഘടനകൾ പറയുന്നത്. സിംഘു, തിക്രി, ഗാസിയാബാദ് അതിർത്തികളിൽ സമരം തുടരുന്നുണ്ട്. മറ്റു സമരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും കർഷക സംഘടനകൾ അറയിച്ചു