യോഗി ആദിത്യനാഥിന്‍റെ വസതിയില്‍ ഉരുളക്കിങ്ങ് തള്ളി കര്‍ഷകപ്രതിഷേധം; അഞ്ച് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഉത്തര്‍പ്രദേശില്‍ ഉരുളക്കിഴങ്ങിന്റെ താങ്ങുവില 487 രൂപയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗിനാഥിന്റെ വസതിക്ക് മുന്നില്‍ കര്‍ഷകര്‍ ഉരുളക്കിഴങ്ങ് ഉപേക്ഷിച്ച് പ്രതിഷേധിച്ചു. കനത്ത സുരക്ഷയുള്ള യോഗിയുടെ വീട്ടില്‍  ഇരുട്ടിന്റെ മറപറ്റിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

സര്‍ക്കാര്‍ നൂറുകിലോ ഉരുളക്കിഴങ്ങിന് 487 രൂപ താങ്ങുവിലയായി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ഷകര്‍ ഉരുളക്കിഴങ്ങ് ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. താങ്ങുവില ആയിരം രൂപയാക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. മിനിട്രക്കില്‍ ഉരുളക്കിഴങ്ങ് കൊണ്ടുവന്നായിരുന്നു പ്രതിഷേധം. യോഗിയുടെ വസതിയില്‍ പോലീസ് സുരക്ഷയുണ്ടെങ്കിലും , ഇരുട്ടിന്റെ മറപറ്റിയാണ് കര്‍ഷകര്‍ ഉരുളക്കിഴങ്ങ് ഉപേക്ഷിച്ചത്. ഇതേ തുടര്‍ന്ന് അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. നാല് കോണ്‍സ്റ്റബിള്‍മാരെയും ഒരു സബ് ഇന്‍സ്പെക്ടറെയുമാണ് സസ്പെന്‍ഡ് ചെയ്തത്.

മിനി ട്രക്കില്‍ ഉരുളക്കിഴങ്ങ് കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് പോലീസുകാരില്‍ ഒരാള്‍ കണ്ടിരുന്നു. വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ് പി ദീപക് കുമാര്‍ അറിയിച്ചു. ഉരുളക്കിഴങ്ങ് കൊണ്ടുവന്ന വാഹനങ്ങള്‍ കര്‍ഷകരുടേതാണെന്ന് തിരിച്ചറിഞ്ഞെന്നും നടപടി ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.