കര്‍ഷക പ്രക്ഷോഭം നൂറാം ദിനത്തിലേക്ക്; നിയമങ്ങൾ പിൻവലിക്കും വരെ സമരമെന്ന് കർഷക സംഘടനകൾ, ചർച്ചയ്ക്ക് തയ്യാറാകാതെ കേന്ദ്രം

കേന്ദ്ര സർക്കാർ പാസാക്കിയ കൃഷി നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിന് ഇന്ന് 100 ദിവസം. വിവാദ നിയമങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്നു കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി. ജനുവരി 26 ലെ സംഭവങ്ങൾക്ക് ശേഷം കര്‍ഷകരുമായി ഇതുവരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. തണുപ്പ് മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ സമരപന്തലുകളിൽ 108 കര്‍ഷകര്‍ മരിച്ചുവെന്ന് സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു.

പ്രക്ഷോഭത്തിന്റെ പേരിൽ ബിജെപിക്കുള്ളിൽ പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ടെന്നും കർഷകരെ പിന്തുണച്ച് പാർട്ടിയുടെ ഒരു ലോക്സഭാംഗം ഈ മാസം രാജിവെയ്ക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു. എംപിയുടെ പേര് വെളിപ്പെടുത്തിയില്ല. ടികായത് അടക്കമുള്ള നേതാക്കൾ ബിജെപി വിരുദ്ധ പ്രചാരണവുമായി രാജ്യത്തുടനീളം സഞ്ചരിക്കും. കർഷകർ പാർലമെന്റിലേക്കു പ്രകടനം നടത്തും.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ മാർച്ചിനിടെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, അതീവജാഗ്രതയോടെയായിരിക്കും പ്രകടനമെന്നു സംഘടനകൾ വ്യക്തമാക്കി. തയ്യാറായിരിക്കാൻ പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിലെ കർഷകർക്കു നിർദേശം നൽകി.

നവംബര്‍ 27 നാണ് ഡൽഹി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ പ്രക്ഷോഭം എത്തിയത്. ഡിസംബറിലെയും ജനുവരിയിലെയും മരം കോച്ചുന്ന തണുപ്പിൽ നൂറിലധികം കര്‍ഷകര്‍ സമരകേന്ദ്രങ്ങളിൽ മരിച്ചു. കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തിയ 11 ചര്‍ച്ചകളും പരാജയപ്പെട്ടു. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങൾ സമരത്തിന്‍റെ മാറ്റ് കുറച്ചെങ്കിലും ഇപ്പോൾ സമരപന്തലുകൾ പഴയ ആവേശത്തിൽ തന്നെയാണ്. പൊലീസ് നടപടിയും ടൂൾക്കിറ്റ് വിവാദവുമൊന്നും സമരത്തെ ബാധിച്ചിട്ടില്ല. മഹാപഞ്ചായത്തുകൾ വിളിച്ച് എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണ് കര്‍ഷകരിപ്പോൾ.