'വിദ്യാഭ്യാസം റീഫണ്ട് ചെയ്യാനാകില്ല', കർഷക സമരത്തെ എതിർക്കുന്നവരെ പരിഹസിച്ച് സ്വിഗ്ഗി; ബഹിഷ്കരണ ആഹ്വാനവുമായി സംഘപരിവാർ അനുകൂലികൾ

രാജ്യതലസ്ഥാനത്ത് കരുത്താർജ്ജിക്കുന്ന കർഷക സമരത്തെ എതിർക്കുന്നവരെ പരിഹസിച്ച ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി സംഘ പരിവാർ. ട്വിറ്ററിലെ ഒരു ട്വീറ്റിന് റിപ്ലൈ നൽകിയതോടെയാണ് സ്വിഗ്ഗിയ്ക്ക് നേരെ ചിലർ പാഞ്ഞെടുത്തിരിക്കുന്നത്. കർഷക സമരത്തെ എതിർക്കുന്നവരെ പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റിന് സ്വിഗ്ഗി നൽകിയ മറുപടിയാണ് ബഹിഷ്കരണ ആഹ്വാനത്തിന് കാരണം.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ചിത്രവും പേരും ഉപയോഗിച്ചുള്ള നിമോ തായ് 2.0 എന്ന പേരുള്ള ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ‘കർഷക പ്രതിഷേധത്തെപ്പറ്റി സംസാരിക്കവെ എൻറെ ഭക്ത് സുഹൃത്തുമായി ഇന്നൊരു വാഗ്വാദം നടന്നു. ഭക്ഷണത്തിനായി നമ്മൾ കർഷകരെ ആശ്രയിക്കേണ്ട ആവശ്യമില്ല. എപ്പോൾ വേണമെങ്കിലും നമുക്ക് സ്വിഗ്ഗി വഴി ഭക്ഷണം ഓർഡർ ചെയ്യാവുന്നതേയുള്ളൂ… അയാൾ തന്നെ ജയിച്ചു ‘ എന്നുള്ള ട്വീറ്റ് പങ്ക് വെച്ചിരിക്കുന്നത്.

സ്വിഗ്ഗിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഇതിന്‌ വന്നിരിക്കുന്ന മറുപടി, ‘ക്ഷമിക്കൂ ഞങ്ങൾക്ക് വിദ്യാഭ്യാസം റീഫണ്ട് ചെയ്യാനാകില്ല’ എന്നാണ്.

ആയിരക്കണക്കിനാളുകളാണ് ഈ മറു പടി പങ്കുവെച്ചിട്ടുള്ളത്. ‘ബോയ്‌കോട്ട് സ്വിഗ്ഗി’ എന്ന ഹാഷ്‌ടാഗോടു കൂടി വൈറൽ ആകുകയാണ് ഈ ട്വീറ്റുകൾ. സമ്മിശ്ര പ്രതികരണത്തോടെ ആണ് ഈ ട്വീറ്റുകൾ സ്വീകരിക്കപ്പെട്ടതും, പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നതും.

‘അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാത്തവർക്ക് മാത്രമേ ആഹാരസംവിധാനത്തിൽ കർഷകരുടെ പങ്ക് തള്ളിക്കളയാനാകൂ’, എന്ന സ്വിഗ്ഗിയുടെ സന്ദേശമാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ‘ബോയ്‌കോട്ട് സ്വിഗ്ഗി’ എന്ന ആഹ്വാനത്തോടൊപ്പം മറ്റൊരു ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയെ ബഹിഷ്കരിക്കാനുള്ള പഴയൊരു ആഹ്വാനത്തെയും ഓർമ്മിപ്പിക്കുന്നുണ്ട് പല സമൂഹ മാധ്യമ അക്കൗണ്ടുകളും. സ്വിഗ്ഗിയെ കൂടി ബഹിഷ്കരിച്ചാൽ ഭക്ഷണത്തിനായ് ബുദ്ധിമുട്ടിലാകും എന്നും, ഇത്തരം ബഹിഷ്കരണ ആഹ്വാനങ്ങൾ കച്ചവടതന്ത്രമെന്ന നിലക്ക് സ്വീകരിക്കാവുന്നതാണെന്നുമാണ് പ്രതികരണങ്ങളിൽ ചിലത്.