റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തും; കേന്ദ്ര സർക്കാർ നിർദ്ദേശം തള്ളി സമരസമിതി, കേന്ദ്ര സര്‍ക്കാരുമായി 11-ാം വട്ട ചര്‍ച്ച ഇന്ന്

പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കർഷക സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടുമായി കർഷക സംഘടനകൾ. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ റാലിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഡൽഹി പൊലീസ് കർഷക നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ മരവിപ്പിക്കാമെന്ന കേന്ദ്രസർക്കാർ നിര്‍ദേശം സംയുക്ത സമരസമിതി തള്ളി.

മൂന്ന് നിയമങ്ങളും പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അതേസമയം കൃഷി നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും.

ഡൽഹി വിഗ്യാന്‍ ഭവനില്‍ 12 മണിക്കാണ് 11-ാം വട്ട ചര്‍ച്ച. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍ അറിയിക്കും.