'പ്രക്ഷോഭം തുടരും', സമിതിയോട് സമരസപ്പെടില്ല, നിലപാടിൽ ഉറച്ച് കർഷകർ

പുതിയ കാർഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നല്കാൻ സുപ്രീംകോടതി നിയോഗിച്ച നാലംഗ വിദഗ്ദ സമിതിക്കെതിരെ കർഷക സംഘടനകൾ രം​ഗത്ത്.

സമിതിയുമായി സഹകരിക്കില്ലെന്നും കർഷക നിയമങ്ങളെ പിന്തുണയ്ക്കുന്നവരും അതിനായി വാദിക്കുന്നവരുമാണ് സമിതിയിലെ അംഗങ്ങളെന്നും നേതാക്കൾ അറിയിച്ചു.

ഒരു സമിതിക്ക് മുമ്പാകെയും ഹാജരാകില്ലെന്നും സമരം ശക്തമായി തുടരാനും തീരുമാനിച്ചതായും പഞ്ചാബിലെ കർഷക സംഘടനകൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് നടക്കുന്ന കർഷക സംഘടനകളുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലുണ്ടാകും. സമരവേദി മാറ്റേണ്ടതുണ്ടോ എന്ന കാര്യവും യോഗത്തിൽ ചർച്ചയാകും.

18ാം തിയതി വനിതകളെ അണിനിരത്തിയുള്ള രാജ്യവ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡും നടത്തുവാനാണ് തീരുമാനം.
‍‍‍
എന്നാൽ ട്രാക്റ്റർ പരേഡ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ ഹർജിയിൽ സുപ്രീംകോടതി കർഷക സംഘടനകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.