കര്‍ഷക സമരം: ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ, ട്രാക്ടർ റാലി നിരോധിക്കണമെന്ന് ഡൽഹി പൊലീസ്

ജനുവരി 26ന് നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മീഷണർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവിറക്കിയ ചീഫ് ജസ്റ്റിസ് എസ് എ ബോബഡെ അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സൈനികർക്കൊപ്പം കർഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്.  ഡല്‍ഹി അതിർത്തികളിൽ സമാധാനപരമായി റാലി നടത്തും. റിപ്പബ്ലിക്ക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കർഷക സമരം ഇന്ന് 55-ാം ദിവസത്തിലേക്ക് കടന്നു.

Read more

വനിതകളെ അണിനിരത്തിയുള്ള രാജ്യവ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡും നടത്തുവാനാണ് കർഷകരുടെ തീരുമാനം. ട്രാക്റ്റർ പരേഡ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നൽകിയ ഹർജിയിൽ സുപ്രീംകോടതി കർഷക സംഘടനകൾക്ക്
നേരത്തെ നോട്ടീസ് നൽകിയിരുന്നു. താൽകാലികമായ നീക്കങ്ങൾ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങൾ പിൻവലിക്കണമെന്നും സംഘടനാ നേതാക്കൾ പറയുന്നു. നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി സ്വാഗതം ചെയ്യുമ്പോഴും സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ സ്വതന്ത്ര നിലപാടുള്ള ആരും ഇല്ലെന്നതാണ് പ്രധാന വിമർശനമായി ഉയരുന്നത്.