കാർഷിക നിയമങ്ങൾ കാർഷികമേഖലയെ തകർക്കും; പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ബുക്ക് ലെറ്റ്, രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു

ബി.ജെ.പി സർക്കാരിന്റെ കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ബുക്‌ലെറ്റ് പുറത്തിറക്കി. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങളിൽ രാഹുല്‍ ​ഗാന്ധി പ്രകാശനം ചെയ്തു.

“ഖേതി കാ ഖൂൻ” എന്ന പേരിലാണ് ബുക്‌ലെറ്റ് തയ്യാറാക്കിയത്. ഇന്ത്യൻ കാർഷിക മേഖലയെ തകർക്കാൻ രൂപവത്കരിച്ചവയാണ് പുതിയ കാർഷിക നിയമങ്ങളെന്ന് രഹാൽ ​ഗാന്ധി പറഞ്ഞു.

കേന്ദ്രം കാർഷിക നിയമങ്ങളെ കുറിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ഒരു ദുരന്തം ചുരുളഴിഞ്ഞു കൊണ്ടിരിക്കുകയാണെന്നും കർഷക പ്രതിഷേധത്തെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പോരാട്ടം കർഷകർക്കു വേണ്ടി മാത്രമുള്ളതല്ലെന്നും രാജ്യത്തിന്റെ ഭാവിയായ യുവാക്കൾക്കു കൂടിയുള്ളതാണെന്നും രാഹുൽ പറഞ്ഞു.

സുപ്രീംകോടതിയെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ലെന്നും, എന്താണ് സുപ്രീംകോടതി ചെയ്യുന്നതെന്ന് രാജ്യത്തെ ജനങ്ങൾക്ക് കാണാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.