ഹേമന്ത് കര്‍ക്കറെയ്‌ക്കെതിരായ പ്രസ്താവന; പ്രഗ്യാ സിങിനെ തള്ളി ഫട്‌നവിസ്

ഹേമന്ത് കര്‍ക്കറെയ്‌ക്കെതിരായ പ്രഗ്യാസിങ് താക്കൂറിന്റെ പ്രസ്താവനയ്‌ക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്. തന്റെ ശാപം മൂലമാണ് മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടതെന്നാണ് ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പറഞ്ഞത്. പ്രസ്താവന വലിയ തെറ്റാണെന്ന് ഫട്‌നവിസ് പറഞ്ഞു.

“”അത്തരം പരാമര്‍ശം പ്രഗ്യാ സിംഗ് പറയരുതായിരുന്നു. ഹേമന്ത് കര്‍ക്കറെ മഹാനായ രക്തസാക്ഷിയാണ്. ദേശത്തോട് സ്‌നേഹമുള്ളയാളായിരുന്നു. ഞങ്ങള്‍ക്ക് വീര രക്തസാക്ഷിയാണ് കര്‍ക്കറെ. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞെങ്കിലും പ്രഗ്യാ സിംഗ് പറഞ്ഞത് വലിയ തെറ്റായിപ്പോയി””, ഫട്‌നവിസ് പറഞ്ഞു.

ഇതാദ്യമായാണ് ഒരു ബിജെപി മുഖ്യമന്ത്രി പ്രഗ്യാ സിംഗിനെതിരെ രംഗത്തു വരുന്നത്. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച കര്‍ക്കറെയെ അപമാനിച്ച പ്രഗ്യയെ അനുകൂലിക്കുന്നത് ഫട്‌നവിസിന് എളുപ്പമാകില്ല. ഇത് മുന്നില്‍ക്കണ്ടു തന്നെയാണ് ഫട്‌നവിസ് പ്രഗ്യാ സിംഗിനെ എതിര്‍ക്കുന്നതും.

ശിവസേന-ബിജെപി സഖ്യത്തെക്കുറിച്ചും ഫട്‌നവിസ് പറഞ്ഞു. ബിജെപിയുടെയും ശിവസേനയുടെയും വോട്ട് ബാങ്ക് ഒന്നാണ്. വോട്ടര്‍മാര്‍ ഞങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നു ഫട്‌നാവിസ് പറഞ്ഞു. തങ്ങള്‍ ഇപ്പോള്‍ സുശക്തരായ സഖ്യമാണെന്നും ഫട്‌നവിസ് കൂട്ടിച്ചേര്‍ത്തു.

ബിജെപി മഹാരാഷ്ട്രയില്‍ വന്‍ തരംഗമുണ്ടാക്കും എന്നാണ് ഫട്‌നവിസിന്റെ പ്രതീക്ഷ. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ നേട്ടമാണ് കഴിഞ്ഞ തവണ ഉണ്ടാക്കിയത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 48 സീറ്റുകളില്‍ 42 സീറ്റുകളും നേടി എന്‍ഡിഎ സഖ്യം അന്ന് ചരിത്രം സൃഷ്ടിച്ചു. 2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 സീറ്റുകളില്‍ 185 സീറ്റുകള്‍ നേടി വന്‍ വിജയമാണ് ബിജെപി – ശിവസേന സഖ്യം നേടിയത്. കോണ്‍ഗ്രസിന് അന്ന് രണ്ടക്കം പോലും കാണാനായില്ല.

മോദി തരംഗം ഇത്തവണയും ഉണ്ടാകുമെന്നും ഫട്‌നവിസ് പ്രതീക്ഷ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് എന്‍സിപിയുടെയോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയോ പിന്തുണ ആവശ്യം വരില്ല. സഖ്യത്തിന് ഒറ്റയ്ക്ക് വലിയ ഭൂരിപക്ഷം തന്നെ കിട്ടും – ഫട്‌നവിസ് പറയുന്നു.