നരേന്ദ്ര മോദി രാജിവെയ്ക്കണമെന്ന ഹാഷ്‌ടാഗ് പ്രചാരണം തടഞ്ഞ് ഫെയ്സ്ബുക്ക്

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെടുന്ന ഹാഷ്‌ടാഗ് പ്രചാരണം തടഞ്ഞ് ഫെയ്സ്ബുക്ക്. കോവിഡ് പകർച്ചവ്യാധി രാജ്യത്ത് നിയന്ത്രണാതീതമായതിൽ ഇന്ത്യൻ സർക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള  12,000 ത്തിലധികം പോസ്റ്റുകൾ ഇതിന്റെ ഭാഗമായി ബുധനാഴ്ച ഹ്രസ്വ നേരത്തേക്ക് ഫെയ്സ്ബുക്ക് മറച്ചുവച്ചു.

#ResignModi എന്ന ഹാഷ്‌ടാഗ് ഫെയ്സ്ബുക്കിൽ കാണുന്നതിൽ നിന്ന് തങ്ങളെ തടഞ്ഞതായി ഇന്ത്യയിൽ നിന്നുള്ള ഫെയ്സ്ബുക്ക് ഉപയോക്താക്കൾ ട്വിറ്ററിൽ കുറിച്ചു.

ഹാഷ്‌ടാഗ് തിരയുന്ന ഉപയോക്താക്കൾക്ക്, അത്തരം പോസ്റ്റുകൾ “താത്കാലികമായി മറച്ചിരിക്കുന്നു” എന്ന സന്ദേശമാണ് ലഭിച്ചത്, “ആ പോസ്റ്റുകളിലെ ചില ഉള്ളടക്കം തങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്” എന്നാണ് ഫെയ്സ്ബുക്ക് കാരണമായി പറഞ്ഞത്.

എന്നാൽ ഇതിനെതിരെ വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് ഈ ഹാഷ്‌ടാഗ് വീണ്ടും ഫെയ്സ്ബുക്കിൽ ലഭിക്കാൻ തുടങ്ങി. അബദ്ധവശാൽ ഈ ഹാഷ്‌ടാഗ്  തടഞ്ഞു പിന്നീട് അത്  പുനഃസ്ഥാപിച്ചതായി ഫെയ്സ്ബുക്ക് വക്താവ് സ്ഥിരീകരിച്ചു.

“ഞങ്ങൾ ഈ ഹാഷ്‌ടാഗ് അബദ്ധവശാൽ തടഞ്ഞു, അതിനുശേഷം അത് പുനഃസ്ഥാപിച്ചു. ഇന്ത്യൻ സർക്കാർ ഞങ്ങളോട് ആവശ്യപ്പെട്ടതിനാലല്ല തടഞ്ഞത്,” വക്താവ് പറഞ്ഞു.

ഇന്ത്യൻ ഭരണകൂടം പകർച്ചവ്യാധി  കൈകാര്യം ചെയ്തതിലെ വീഴ്ചകളെ വിമർശിച്ചു കൊണ്ടുള്ള 50 ലധികം ട്വീറ്റുകൾ ഇല്ലാതാക്കിയതിന് നേരത്തെ ട്വിറ്റർ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇന്ത്യൻ സർക്കാരിന്റെ നിയമപരമായ അഭ്യർത്ഥനയെത്തുടർനന്നായിരുന്നു ട്വീറ്റ് നീക്കം ചെയ്തത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ  #ResignModi ഹാഷ്‌ടാഗ് ഫെയ്സ്ബുക്ക് തടഞ്ഞത്. സർക്കാരിന്റെ നിർദേശപ്രകാരം നരേന്ദ്രമോദിയെ വിമർശിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകൾ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ഇതിനകം തടഞ്ഞിരുന്നുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.