കനയ്യ വന്‍ തോല്‍വിയിലേക്ക്, 'ചുവന്ന ഭൂമിയില്‍' നിലം തൊടാതെ ഇടതുപക്ഷം

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ തെളിയുന്നത് രാജ്യത്ത് ഇടത്പക്ഷത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ച. കേരളത്തിലെ കാസര്‍ഗോഡും തമിഴ്‌നാട്ടിലെ മധുരയും ഒഴിച്ചാല്‍ രാജ്യത്ത് എവിടേയും ഇടതുപക്ഷം നിലവില്‍ മുന്നിലല്ല.

ഇടതുമുന്നണിയിലെ മുഖ്യകക്ഷിയായ സി.പി.എമ്മും വന്‍ തകര്‍ച്ചയാണ് ഇത്തവണ നേരിട്ടത്. ബംഗാളിലും കേരളത്തിലും ത്രിപുരയിലും സിപിഎം. മത്സരിച്ച എല്ലാ സീറ്റിലും പുറകിലാണ്.

തമിഴ്‌നാട്ടിലെ മധുര മണ്ഡലത്തില്‍ നിലവില്‍ മുവായിരത്തിലധികം വോട്ടിനാണ് സിപിഎം സ്ഥാനാര്‍ത്ഥി എസ് വെങ്കിടേഷന്‍ മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ സതീഷ് ചന്ദ്രന്‍ 3652 വോട്ടിന് ലീഡ് ചെയ്യുന്നുണ്ട്.

ബിഹാറിലെ ഇടത് പ്രതീക്ഷയായ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിംഗിനേക്കാള്‍ വളരെ പിറകിലാണ്. 89531 വോട്ടിനാണ് ഗിരിരാജ് സിംഗ് ലീഡ് ചെയ്യുന്നത്.

സി.പി.എം ഏറെ പ്രതീക്ഷപുലര്‍ത്തിയിരുന്ന കേരളത്തില്‍ അപ്രതീക്ഷിത തകര്‍ച്ചയാണ് നേരിട്ടത്. ഉറച്ച സീറ്റുകളായിരുന്ന പാലക്കാടും ആലത്തൂരും ആറ്റിങ്ങലും സി.പി.എം സ്വപ്നത്തില്‍ പോലും കാണാത്ത തിരിച്ചടിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.