'നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യം'; കോണ്‍ഗ്രസ് നേതൃത്വത്തെ നവീകരിക്കണമെന്ന് ശശി തരൂര്‍

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട വലിയ തിരിച്ചടിക്ക് പിന്നാലെ നേതൃത്വത്തിന് എതിരെ ശശി തരൂര്‍ എംപി. സോഷ്യല്‍മീഡിയ പോസ്റ്റിലാണ് തരൂരിന്റെ പ്രതികരണം. നിയമ സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വേദനിപ്പിക്കുന്നതാണ്. കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന ഇന്ത്യയെന്ന ആശയം വീണ്ടും ഉറപ്പിച്ച് പറയേണ്ട സമയമാണിതെന്നും ഓര്‍മ്മിപ്പിക്കുകയാണ് അദ്ദേഹം.

കോണ്‍ഗ്രസിന്റെ ആശയങ്ങലെ പുനരുജ്ജീവിപ്പിക്കുകയും അത് ജനങ്ങളെ ബോധിപ്പിക്കുകയും ചെയ്യാന്‍ ഉതകുന്ന നിലയില്‍ പാര്‍ട്ടിയുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണ് ഇതെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്, എന്ന് അടിവരയിച്ച് പറഞ്ഞുകൊണ്ടാണ് ശശി തരൂര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് പൂര്‍ണരൂപം-‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളില്‍ വേദനിക്കുന്നു.കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.ഒരു കാര്യം വ്യക്തമാണ് — നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്.’

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയ ‘ജി23’ നേതാക്കളില്‍പെട്ട വ്യക്തിയാണ് ശശി തരുര്‍ എന്നതും പ്രതികരണത്തെ ശ്രദ്ധേയമാക്കുന്നതാണ്.