'കൈപ്പത്തി' ഉപയോഗിക്കരുതെന്ന് കൈനോട്ടക്കാരോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; അങ്ങിനെയെങ്കില്‍ കുളത്തിലെ താമര പിഴുതെറിയുമോ എന്ന് ജ്യോതിഷികള്‍

കര്‍ണാടകയിലെ മാണ്ഡ്യയില്‍ കൈനോട്ടക്കാര്‍ക്കും ജ്യോതിഷികള്‍ക്കും പുതിയ നിര്‍ദേശവുമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവര്‍ ഉപയോഗിക്കുന്ന ബോര്‍ഡുകളിലും പരസ്യങ്ങളിലും കൈപ്പത്തിയുടെ ഫോട്ടോ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. കൈപ്പത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ചിഹ്നമായതിനാലാണ് ഇത്തരത്തിലൊരു നിര്‍ദേശം.

ഇതേതുടര്‍ന്ന് ജ്യേത്സ്യന്‍മാരുടെയും കൈനോട്ടക്കാരുടെയും വീടുകളില്‍ കയറി കൈപ്പത്തി ചിഹ്നം മറയ്ക്കുകയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ വിമര്‍ശിച്ച് ഇവരും കോണ്‍ഗ്രസും രംഗത്തു വന്നിട്ടുണ്ട്.

കൈപ്പത്തി തങ്ങളുടെ തൊഴിലിന്റെ പ്രതീകമാണെന്നും ഇത് ഞങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്നും കൈനോട്ടക്കാര്‍ ആശങ്കപ്പെടുന്നു. കോണ്‍ഗ്രസിന്റെ ചിഹ്നമാണ് എന്നുള്ള കാരണത്താല്‍ ഇത് ഉപയോഗിക്കരുതെന്ന് പറയാന്‍ കമ്മീഷന് എന്താണ് അവകാശമെന്നും ഇവര്‍ ചോദിക്കുന്നു. തടാകങ്ങളില്‍ നിന്നും മറ്റും താമരകള്‍ നീക്കം ചെയ്യാനും കമ്മീഷന്‍ തയ്യാറാകുമോയെന്നും കൈനോട്ടക്കാര്‍ ചോദിക്കുന്നു. സുതാര്യവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് നടത്താനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം ബാലിശമായ കാര്യങ്ങളല്ല ചെയ്യേണ്ടതെന്നും മറിച്ച് വലിയ രീതിയിലുള്ള കൃത്രിമങ്ങളും പണത്തിന്റെ ഒഴുക്കും തടയുകയാണ് വേണ്ടതെന്നും ജ്യോതിഷികളും പറയുന്നു.

പെരുമാറ്റച്ചട്ടത്തെ തങ്ങള്‍ മാനിക്കുന്നുണ്ട്. അതിനായി കമ്മീഷന്‍ യുക്തിസഹജമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. ഡി.എം.കെയുടെ ചിഹ്നം ഉദയസൂര്യനാണെന്നും നാളെ മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂര്യോദയം നിരോധിക്കുമോ എന്നും ചിലര്‍ പരിഹാസത്തോടെ ചോദിക്കുന്നു.