പരിസ്ഥിതി ആഘാത പഠനം കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാനുള്ള അവസാനദിനം ഇന്ന്; കേന്ദ്രത്തിന് ലഭിച്ചത് നാലര ലക്ഷത്തിലധികം കത്തുകൾ, പ്രതിഷേധം ശക്തം

പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ.) 2020 കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസാന ദിവസം ഇന്ന്. വിജ്ഞാപനത്തിനെതിരെ പൊതുജനങ്ങൾക്കിടയിൽ വരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്.

ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങൾ കാണാതെയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി വലിയ അപകടത്തിലേക്കെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. ഡൽഹിയിൽ പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ ഇഐഎ ഭേദഗതിക്കെതിരെ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ബിൽഡേഴ്സ് അസോസിയേഷനും പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

അതേസമയം ഇ.ഐ.എ. വിജ്ഞാപനത്തിന്റെ കരടിനെ കേരളം എതിർക്കും. വൻകിട പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി ലഭിക്കാൻ നേരത്തേയുണ്ടായിരുന്ന ജില്ലാതല സമിതികൾ പുനഃസ്ഥാപിച്ച് ഹിയറിംഗ് നടത്തണമെന്ന ആവശ്യം കേരളം ശക്തമായി ഉന്നയിക്കുമെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ  വ്യക്തമാക്കിയത്. ഒപ്പം, കരടിലെ വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി ഇ.ഐ.എ. നോട്ടിഫിക്കേഷൻ 2020-നെ പറ്റി കേരളം ഇന്ന് നിലപാട് അറിയിക്കും.

ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ചാകും അന്തിമവിജ്ഞാപനം ഇറക്കുക. മാര്‍ച്ച് 23-നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രിൽ 11-നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്. കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ കൂടി പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്ന നിര്‍ദ്ദേശങ്ങൾ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവും കേന്ദ്രം പാലിച്ചിട്ടില്ല.