വനമേഖലകള്‍ക്ക് ചുറ്റും പരിസ്ഥിതി ലോല മേഖല നിര്‍ബന്ധം: സുപ്രീംകോടതി

രാജ്യത്തെ വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോ മീറ്റര്‍ പരിസ്ഥിതി ലോല മേഖല (ഇഎസ്സെഡ്) ആയിരിക്കണമെന്നത് നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഈ മേഖലകളില്‍ സ്ഥിരം കെട്ടിടങ്ങളോ ദേശീയ വന്യജീവി സങ്കേതം, ദേശീയ പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ഖനനമോ പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായി, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

തമിഴ്നാട്ടിലെ നീലഗിരി വനങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. നിലവില്‍ ഇഎസ്‌സെഡ് മേഖലകളില്‍ നിലനില്‍ക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും നിര്‍മിതികളെക്കുറിച്ചും സര്‍വേ നടത്തി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Read more

കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഖനനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സംരക്ഷിത മേഖലകള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാണെന്ന വിധി നിലവില്‍ അതിലധികം ബഫര്‍ സോണ്‍ നിശ്ചയിച്ചിരിക്കുന്ന മേഖലകള്‍ക്കു ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി.