ഇ. ശ്രീധരന് കേരളത്തിൽ വലിയ സ്വാധീനം ഒന്നും ഉണ്ടാക്കാൻ സാധിക്കില്ല: ശശി തരൂർ

Advertisement

 

ബി.ജെ.പിയിലൂടെയുള്ള ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശം വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. സംസ്ഥാനത്തെ ഏതാനും സീറ്റുകളിലൊഴികെ ബി.ജെ.പി ഒരു പ്രധാന കക്ഷി അല്ലെന്നും അദ്ദേഹം പറഞ്ഞു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടിയ ബി.ജെ.പിക്ക് ഇപ്രാവശ്യം നില മെച്ചപ്പെടുത്തുക എന്നത് വളരെ പ്രയാസകരമാകുമെന്നും ശശി തരൂർ അഭിപ്രയപെട്ടു. കേരള തിരഞ്ഞെടുപ്പിലെ ഇ ശ്രീധരന്റെ സ്വാധീനം ബി.ജെ.പിയിൽ ചേരുന്നു എന്ന പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുമെന്നും ശശി തരൂർ പറഞ്ഞു.

ഇ ശ്രീധരൻ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് ബി.ജെ.പിയിൽ ചേരാൻ പോകുന്നുവെന്ന പ്രഖ്യാപനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ശശി തരൂർ പറഞ്ഞതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഡിഎംആർസി മുൻ എം.ഡിയും കൊച്ചി മെട്രോയുടെ മുൻ പ്രിൻസിപ്പൽ അഡൈ്വസറുമായ ഇ.ശ്രീധരന്  എഞ്ചിനീയറിംഗ് പ്രോജക്ടുകൾ നടപ്പിലാക്കി ദീർഘനാളത്തെ പരിചയമുണ്ട് എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തിൽ നയങ്ങൾ രൂപീകരിക്കുകയോ നടപ്പാക്കുകയോ ചെയ്ത് പരിചയമില്ല അത് വളരെ വ്യത്യസ്തമായ ഒരു ലോകമാണ് അതിനാൽ തന്നെ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം തന്നെ ആശ്ചര്യപ്പെടുത്തി എന്നും തരൂർ പറഞ്ഞു.

അമ്പത്തിമൂന്നാം വയസിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ, തനിക്ക് ചെയ്യാൻ കഴിയുമെന്ന് കരുതിയിരുന്ന പല കാര്യങ്ങൾക്കും താൻ വളരെ വൈകിപ്പോയി എന്ന് പിന്നീട് തോന്നിയിരുന്നുവെന്നും അപ്പോൾ പിന്നെ 88 വയസ്സുള്ള ഇ ശ്രീധരനെ കുറിച്ച് താൻ എന്ത് പറയാനാണെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.