ഓറഞ്ചുകള്‍ക്കിടയിൽ ഒളിപ്പിച്ച് കോടികളുടെ മയക്കുമരുന്ന് കടത്തല്‍; മുഖ്യസൂത്രധാരന്‍ മന്‍സൂര്‍ തന്നെ, ഇന്റര്‍പോള്‍ സഹായം തേടും

പഴക്കച്ചവടത്തിന്റെ മറവില്‍ ആഫ്രിക്കയില്‍ നിന്ന് മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് ഡിആര്‍ഐ. ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മന്‍സൂര്‍ തച്ചന്‍ പറമ്പിലിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള നീക്കങ്ങള്‍ തുടങ്ങി.

ചോദ്യം ചെയ്യാന്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ ഇന്റെര്‍പോളിന്റെ അടക്കം സഹായം തേടും. മന്‍സൂറാണ് മുഖ്യ സൂത്രധാരനെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. മന്‍സൂര്‍ ഏല്‍പിച്ച രാഹുല്‍ എന്നയാള്‍ക്കായും തെരച്ചില്‍ നടക്കുകയാണ്. രാഹുല്‍ എത്തി ലഹരി മരുന്ന് കൊണ്ടുപോവുമെന്നായിരുന്നു മന്‍സൂര്‍ നല്‍കിയ നിര്‍ദ്ദേശമെന്ന് കേസില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി സിജിന്‍ വര്‍ഗീസ് മൊഴി നല്‍കിയിട്ടുണ്ട്.

നാല് വര്‍ഷത്തോളമായി സംഘം ലഹരി കടത്ത് നടത്തുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. കൊച്ചി തുറമുഖം വഴിയും ലഹരി കടത്ത് നടത്തിയതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

198 കിലോ മെത്തും ഒന്‍പതു കിലോ കൊക്കെയ്നും മുംൈബയില്‍ പിടിച്ചെടുത്തിരുന്നു. കണ്ടെത്തിയ മരുന്നുകള്‍ വാണിജ്യ അളവിലുള്ളതാണെന്ന് കേന്ദ്ര ഏജന്‍സിയെ പ്രതിനിധീകരിച്ച് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അദ്വൈത് സേത്‌ന പറഞ്ഞു.”ഈ ഓര്‍ഡര്‍ ഏതെങ്കിലും കരാറിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് വാട്ട്‌സ്ആപ്പ് സന്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചില സാധനങ്ങളുടെ ഡെലിവറിക്ക് ഇന്‍വോയ്‌സുകള്‍ ഇല്ലായിരുന്നു, ”സേത്‌ന പറഞ്ഞു.