മെയ് 31-ന് മുമ്പ് വിമാന സർവീസ് ആരംഭിക്കരുത്; കേന്ദ്ര സർക്കാരിനോട് തമിഴ്നാട്

കൊറോണ വൈറസ് വ്യാപനം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മെയ് 31-ന് മുമ്പ് വിമാന സർവീസുകൾ ആരംഭിക്കരതുെന്ന് തമിഴ്നാട് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ചെന്നൈ ഉൾപ്പെടെയുള്ള മെട്രോ ന​ഗരങ്ങളിൽ വിമാന സർവീസ് ആരംഭിക്കുന്നത് രോ​ഗവ്യാപനം കൂട്ടും. മെയ് 25 മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെങ്കിലും ഈ നടപടി മാറ്റിവെയ്ക്കാൻ തമിഴ്‌നാട് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

അതേസമയം വ്യോമയാന മന്ത്രാലയം ഇതുവരെ തമിഴ്നാടിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. തമിഴ്നാട്ടിലെ യാത്രക്കാരിൽ ഭൂരിഭാ​ഗവും ചെന്നൈയിലായിരിക്കുമെന്നും അവരെ ചെന്നൈയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ഇതുവരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ആഭ്യന്തര വിമാനങ്ങളിൽ എത്തുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞെങ്കിലും, ക്വാറന്റൈൻ ആവശ്യമാമെന്ന നിലപാടിലാണ് തമിഴ്നാട്.