അയോദ്ധ്യയിൽ രാമക്ഷേത്രത്തിന് ഒരു ഇഷ്ടികയും 11 രൂപയും സംഭാവന ചെയ്യുക: യോഗി ആദിത്യനാഥ്‌

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഝാർഖണ്ഡിലെ ഓരോ വീട്ടിൽ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന ചെയ്യണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു. തിങ്കളാഴ്ച പോളിങ് നടക്കാനിരിക്കുന്ന ബാഗോദറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു വെള്ളിയാഴ്ച സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്‌.

ബാബറി മസ്ജിദ് പൊളിക്കപെട്ട തർക്ക ഭൂമിയിൽ രാമ ക്ഷേത്രം നിർമ്മിക്കുന്നതിനെ അനുകൂലിച്ച് സുപ്രീംകോടതി വിധി പ്രസ്താവിച്ച് ഒരു മാസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം.

രാമ രാജ്യത്തിന് തുടക്കം കുറിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ ആർട്ടിക്കിൾ 370 പ്രധാനമന്ത്രി നീക്കം ചെയ്തു. ഇന്ന്, നിങ്ങൾക്ക് കശ്മീർ, ലഡാക്ക്, ജമ്മു, മാ വൈഷ്നോ, ബാബ അമർനാഥ് എന്നിവരുടെ ദേശത്തേക്ക് പോയി ഭൂമി വാങ്ങാം. ആരെങ്കിലും നിങ്ങൾക്ക് ആ അവകാശം നൽകിയിട്ടുണ്ടെങ്കിൽ അത് പ്രധാനമന്ത്രി മോദിയാണ്, അദ്ദേഹം പറഞ്ഞു.

“അയോധ്യയില്‍ വളരെ അടുത്ത് തന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും. ഝാർഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും 11 രൂപയും ഒരു ശില ( ഇഷ്ടിക)യും സംഭാവന നല്‍കാന്‍ ഞാന്‍ അപേക്ഷിക്കുന്നു” യോഗി ആദിത്യനാഥ് പറഞ്ഞു.

സമൂഹം നല്‍കുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വിധത്തിലുള്ള വിവേചനങ്ങളുമില്ലാതെ സമൂഹത്തിന്റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്ന് പറയുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.