അഫ്​ഗാൻ ഭീകരതാവളം ആകരുത്; പാക് ഇടപെടലിൽ ആശങ്ക പങ്കുവെച്ച് ഇന്ത്യയും അമേരിക്കയും

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഭീകരവാദവും അഫ്​ഗാനിസ്ഥാനിലെ പാക് ഇടപെടലും ചർച്ചയായി. അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും താലിബാനോട് ആവശ്യപ്പെട്ടു.

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ ബൈഡനും നരേന്ദ്ര മോദിയും പറഞ്ഞു. യുഎസ് പ്രസിഡന്റായ ശേഷം മോദിയുമായി നടത്തുന്ന ബൈഡന്റെ ആദ്യ ഉഭയകക്ഷി ചർച്ചയിലാണ് പുതിയ നീക്കം. ഇന്ത്യ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിൽ യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു.

വാഷിംഗ്ടണിൽ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നൂറു കോടി വാക്സീൻ ഉൽപ്പാദിപ്പിക്കാൻ അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ ക്വാഡ് ഉച്ചകോടിയിൽ പറഞ്ഞു. വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന് മോദി ബൈഡനോട് ആവശ്യപ്പെട്ടു. നൂറ് കോടി ഡോസ് വാക്സീൻ ഇന്ത്യയിൽ ഉത്പാദിക്കുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി.

അതേസമയം യുഎൻ പൊതുസഭയെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. ഇന്ത്യ-യുഎസ് ബന്ധത്തിലെ പുതിയ അധ്യായമെന്നാണ് വൈറ്റ്ഹൗസിൽ മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ ബൈഡൻ വിശേഷിപ്പിച്ചത്.