സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ബൈക്ക് ഹാന്‍ഡില്‍ കവര്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തു; ഭര്‍ത്താവ് അറസ്റ്റില്‍, അക്രമം ചെയ്തത് രണ്ട് വര്‍ഷം മുമ്പെന്ന് പൊലീസ്

സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ബൈക്ക് ഹാന്‍ഡിലിന്റെ ആറിഞ്ച് വലിപ്പമുള്ള പ്ലാസ്റ്റിക് കവര്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ഇന്‍ഡോറില്‍ ആശുപത്രിയില്‍ നിന്നും ചൊവ്വാഴ്ചയാണ് ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് ഉള്ളില്‍ കടത്തിയതെന്ന് സംശയിക്കുന്ന ഇത് പുറത്തെടുത്തത്.

പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 36 കാരിയാണ് ഭര്‍ത്താവിന്റെ കൊടുംക്രൂരതയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വേദന അനുഭവിച്ചിരുന്നത്. ഒരു മ്യൂസിക് ബാന്റിനോടൊപ്പം പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവിനെ പിന്നീട് പൊലീസ് അറസറ്റ് ചെയ്തു. ആറ് കുട്ടികളുടെ അമ്മയാണ് സ്ത്രീ. ഭോപ്പാലില്‍ നിന്ന് 251 കിലോമീറ്റര്‍ അകലെ ധാര്‍ ജില്ലാക്കാരിയായ ഇവര്‍ 15 വര്‍ഷം മുമ്പാണ് വിവാഹിതയായത്.

രണ്ട് വര്‍ഷം മുമ്പ് വഴക്കുണ്ടായപ്പോള്‍ കലി പൂണ്ട ഭര്‍ത്താവാണ് ഈ അക്രമം ചെയ്തത്. എന്നാല്‍ നാണക്കേടോര്‍ത്ത് സ്ത്രീ ഇത് ആരോടും പറഞ്ഞില്ല. കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് വേദന അസഹനീയമായപ്പോഴാണ് യുവതി ഡോക്ടറെ സമീപിച്ചതെന്ന് ചന്ദന്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് രാഹുല്‍ ശര്‍മ്മ പറഞ്ഞു.