മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂട്ടും; പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ ശ്രമം തടയും; വെല്ലുവിളിച്ച് ഡി.എം.കെ, അണ്ണാ ഡി.എം.കെ പ്രകടന പത്രിക

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ ശ്രമം അനുവദിക്കില്ലെന്നും ജലനിരപ്പ് 152 ആക്കി ഉയര്‍ത്തുന്നതിനുള്ള ശ്രമം തുടരുമെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഡിഎംകെ, അണ്ണാഡിഎംകെ പ്രകടന പത്രിക. നീറ്റ് പരീക്ഷ, രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളെ വിട്ടയയ്ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ സമാന വാഗ്ദാനങ്ങളുമായാണ് ഇരുപാര്‍ട്ടികളുടെയും പ്രകടന പത്രിക പുറത്തിറങ്ങിയിരിക്കുന്നത്.

തമിഴ്‌നാടിനെ നീറ്റില്‍ നിന്ന് ഒഴിവാക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് അണ്ണാ ഡിഎംകെ പറയുമ്പോള്‍, നീറ്റ് റദ്ദാക്കുമെന്നാണ് ഡിഎംകെ വാഗ്ദാനം. രാജീവ് വധക്കേസ് പ്രതികളുടെ മോചനത്തിന് നടപടിയെടുക്കുമെന്ന് ഡിഎംകെയും അണ്ണാഡിഎംകെയും പറയുന്നു. പുതുച്ചേരിക്ക് പൂര്‍ണ സംസ്ഥാന പദവി ഇരുപാര്‍ട്ടികളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിദ്യാഭ്യാസം കേന്ദ്രപട്ടികയില്‍ നിന്നു സംസ്ഥാനത്തിന്റെ കീഴിലേക്കു മാറ്റും, സ്വകാര്യ മേഖലയില്‍ ദളിത് പിന്നോക്ക സംവരണം, വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളും, തിരുച്ചിറപ്പള്ളി, മധുര, സേലം നഗരങ്ങളില്‍ മെട്രോ റെയില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിനില്‍ സൗജന്യയാത്ര, ന്യൂട്രിനോഹൈഡ്രോ കാര്‍ബണ്‍ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കും എന്നിങ്ങനെ ഇരുപാര്‍ട്ടികളും ഒരേ വാഗ്ദാനങ്ങളാണ് നല്‍കുന്നത്.