'ഒരു കോടി മുസ്ലിങ്ങളെ പുറത്താക്കും, സി.എ.എ ഉറപ്പു വരുത്തും'; വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്

വിവാദ പരാമര്‍ശവുമായി വീണ്ടും പശ്ചിമ ബംഗാള്‍ ബി.ജെ.പി മേധാവി ദിലീപ് ഘോഷ്. ഒരു കോടി മുസ്ലിം നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തി അവരെ രാജ്യത്തിനു പുറത്താക്കുമെന്നും സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമെന്നത് ഉറപ്പു വരുത്തുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) എതിര്‍ക്കുന്നവര്‍ ബംഗാളി വിരുദ്ധരാണെന്നും ഇന്ത്യയുടെ ആശയത്തിന് വിരുദ്ധമാണെന്നും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നടന്ന റാലികളെ അഭിസംബോധന ചെയ്ത് ഘോഷ് പറഞ്ഞു.

ഒരു കോടി മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയും, ആവശ്യമെങ്കില്‍ അവരെ രാജ്യത്തിന് പുറത്തേക്ക് ഓടിക്കും. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കംചെയ്യും, തുടര്‍ന്ന് ദീദിക്ക് (മുഖ്യമന്ത്രി മമത ബാനര്‍ജി) ആരെയും പ്രീണിപ്പിക്കാന്‍ കഴിയില്ല.”- ദിലീപ് ഘോഷ് പറഞ്ഞു.

സംസ്ഥാനത്ത് ഒരു കോടി അനധികൃത മുസ്ലിങ്ങള്‍ കിലോയ്ക്ക് 2 രൂപ സബ്‌സിഡി അരിയില്‍ അഭിവൃദ്ധി പ്രാപിക്കുകയാണെന്നും ഞങ്ങള്‍ അവരെ തിരിച്ചയക്കുമെന്നും ദിലീപ് ഘോഷ് പ്രഖ്യാപിച്ചു.

Read more

സിഎഎ പ്രതിഷേധക്കാരെ നായ്ക്കളെ പോലെ വെടിവെച്ച് കൊല്ലുമെന്ന പ്രസ്താവനയ്ക്കു പിന്നാലെയാണ് ഘോഷിന്റെ പ്രതികരണം. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍, ദേശവിരുദ്ധരെയും പൊതുമുതല്‍ നശിപ്പിക്കുന്നവരെയും ലാത്തി ഉപയോഗിച്ച് അടിക്കുകയും വെടിവെക്കുകയും ജയിലില്‍ ഇടുകയും ചെയ്യും എന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം.