ബിഹാറിലെ കുഞ്ഞുങ്ങളെ അവഗണിച്ച് ശിഖര്‍ ധവാന് ആശംസ; മോദിയെ ട്രോളി ധ്രുവ് റാഠി

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കാതെ ക്രിക്കറ്റ് കളിയ്ക്കിടെ പരിക്കേറ്റ ശിഖര്‍ ധവാന്റെ ആരോഗ്യം ഉടന്‍ വീണ്ടെടുക്കുമെന്ന് ആശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി.

“ഒടുക്കം ഇന്ത്യയിലെ ആരോഗ്യരംഗത്തെ പ്രതിസന്ധിയെ കുറിച്ച് ട്വീറ്റ് ചെയ്യാന്‍ മോദി ജീ സമയം കണ്ടെത്തിയിരിക്കുന്നു. ശിഖര്‍ ധവാന്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചിരിക്കുന്നു. #മരിച്ച കുട്ടികള്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു” എന്ന് ഫെയ്‌സ്ബുക്കില്‍ ധ്രുവ് റാഠി കുറിച്ചു.


“പ്രിയപ്പെട്ട ധവാന്‍ പിച്ച് നിങ്ങളെ മിസ് ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് ഫീല്‍ഡിലേക്ക് തിരിച്ചു വരാനും അതുവഴി രാജ്യത്തിന് കൂടുതല്‍ വിജയങ്ങള്‍ നേടിത്തരാനും കഴിയട്ടെ. അതിനായി എത്രയും പെട്ടെന്ന് നിങ്ങള്‍ സുഖം പ്രാപിക്കുമെന്ന് കരുതുന്നു” എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വന്‍ പ്രതിഷേധം ആണ് ഉയരുന്നത്. നേരത്തെ, കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രതികരിക്കുന്നതിന് പകരം ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന്റെ സ്‌കോറിനെ കുറിച്ച് അന്വേഷിച്ച നിതീഷ് കുമാറിന്റെ നടപടി വന്‍ വിവാദമായിരുന്നു. മുസഫര്‍പൂരില്‍ കുട്ടികള്‍ മരിക്കുകയാണെന്നും താങ്കള്‍ക്കെതിരെ ആരോപണമുയരുന്നുണ്ടെന്നും മാധ്യമങ്ങള്‍ വിളിച്ചുപറയുമ്പോള്‍ ഔദ്യോഗികവാഹനത്തിന്റെ ഗ്ലാസ് താഴ്ത്തുക പോലും ചെയ്യാതെ നിതീഷ് കുമാര്‍ പോകുകയും ചെയ്തിരുന്നു.

ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ മസ്തിഷ്‌ക ജ്വരം വ്യാപിക്കുന്നത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. 128 കുട്ടികള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അഞ്ഞൂറിലധികം കുട്ടികളാണ് രോഗബാധയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ചികിത്സതേടിയത്.