കിട്ടുന്ന വോട്ട് നോക്കി മാത്രം വികസനം, തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിങ്ങള്‍ ദുഃഖിക്കേണ്ടി വരുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു വിചിത്രവാദവുമായി മനേകാ ഗാന്ധി

തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിങ്ങള്‍ ദുഃഖിക്കേണ്ടി വരുമെന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു വിചിത്ര നിലപാടുമായി ബി ജെപി സ്ഥാനാര്‍ത്ഥി മനേകാ ഗാന്ധി. തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ചായിരിക്കും മണ്ഡലത്തിലെ വിവിധ മേഖലകളുടെ വികസനമെന്നാണ് അവരുടെ പുതിയ വാദം.

കൂടുതല്‍ വോട്ട് ചെയ്യുന്ന ഗ്രാമങ്ങളിലേക്ക് കൂടുതല്‍ വികസനം എത്തിക്കുമെന്നും തനിക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം അനുസരിച്ച് എ,ബി,സി,ഡി എന്നിങ്ങനെ തരം തിരിച്ചാവും വികസന പദ്ധതികള്‍ നടപ്പിലാക്കുകയെന്നും അവര്‍ വ്യക്തമാക്കി.
സുല്‍ത്താന്‍പൂരില്‍ നടത്തിയ റാലിയിലാണ് വിവാദ പ്രസ്താവന നടത്തിയത്. സുല്‍ത്താന്‍പൂരില്‍ നിന്നാണ് മനേകാ ഗാന്ധി മത്സരിക്കുന്നത്. ബിജെപിക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രാമങ്ങളെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. 60 ശതമാനം പേര്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ബി കാറ്റഗറിയില്‍.

50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങളെ സി എന്നും 30 ശതമാനവും അതിന് താഴെയുമുള്ള ഗ്രാമത്തെ ഡി എന്നും തരം തിരിച്ചാകും വികസനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും മുന്‍ഗണനകളും നല്‍കുക. ഈ രീതി താന്‍ പിലിബിത്തില്‍ പരീക്ഷിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
മുസ്ലിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരുമെന്നായിരുന്നു അവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. വിജയിച്ചാല്‍ വോട്ട് ചെയ്യാത്ത മുസ്ലിങ്ങള്‍ക്ക് ഒരു സഹായവും നല്‍കില്ലെന്നും അവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.