തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ ഫെയ്സ്ബുക്ക് നീക്കം ചെയ്തു; ബി.ജെ.പിയുടെ പ്രചാരകരായാണ് ഫെയ്സ്ബുക്ക് പ്രവര്‍ത്തിച്ചതെന്നും തൃണമൂല്‍ എം.പി ഡെറിക് ഒബ്രെയിന്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഫെയ്സ്ബുക്കിനെ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയാന്‍. ബി.ജെ.പിയെ സഹായിക്കുന്ന നടപടികളാണ് ഫെയ്സ്ബുക്ക് ചെയ്തു കൊണ്ടിരുന്നത്. ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ പലതും നീക്കം ചെയ്തു. ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ സീനിയര്‍ മാനേജ്മെന്റ് ബി.ജെ.പിയുടെ പ്രചാരണ മാനേജര്‍മാരായി പ്രവര്‍ത്തിക്കുകയായിരുന്നെന്നും എം.പി ആരോപിച്ചു.

ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ എല്ലാം സെന്‍സര്‍ ചെയ്യുന്ന രീതിയില്‍ ഫെയ്സ്ബുക്ക് അവരുടെ അല്‍ഗരിതം പോലും മാറ്റിയെന്നും സോഷ്യല്‍ മെസേജിംഗ് ആപ്പായ വാട്സ് ആപ്പും ഇതേ രീതിയില്‍ ഉപയോഗിക്കപ്പെട്ടെന്നും തൃണമൂല്‍ എം.പി പറഞ്ഞു.

തങ്ങള്‍ക്ക് ആവശ്യമുള്ള ഏത് സന്ദേശവും പൊതുജനങ്ങള്‍ക്ക് എത്തിക്കാന്‍ തങ്ങള്‍ പ്രാപ്തരാണ് എന്നാണ് നയം. ഇതിനായി 35 വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടെന്ന് അമിത് ഷാ പറഞ്ഞെന്നും അത്തരത്തില്‍ ബി.ജെ.പി ചെയ്ത കാര്യങ്ങള്‍ പലതാണെന്നും പ്രസംഗത്തില്‍ എം.പി ചൂണ്ടിക്കാട്ടി.

ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ യഥാര്‍ത്ഥ മുഖം എന്ന പേരിലുള്ള ഒരു പുസ്തകം ഉയര്‍ത്തിപ്പിടിച്ചായിരുന്നു തൃണമൂല്‍ എം.പിയുടെ പ്രസംഗം.

Read more

ഇന്ത്യയിലെ അഞ്ച് ടെലിവിഷന്‍ ശൃംഖലകള്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരാളുടെ നിയന്ത്രണത്തിലായിരുന്നെന്നും സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരീക്ഷിക്കുകയായിരുന്നെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര തന്റെ പ്രസംഗത്തില്‍ ആരോപിച്ചിരുന്നു.