ഡല്‍ഹി കലാപം: മരണം 38 ആയി, ഐ.ബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എ.എ.പി നേതാവിനെതിരെ അന്വേഷണം

ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ പൊലീസ് കേസെടുത്തു. താഹിര്‍ ഹുസൈന്റെ വീട് ഡല്‍ഹി പൊലീസ് സീല്‍ ചെയ്തു.

സംഘര്‍ഷത്തിനു പിന്നില്‍ ഏതു പാര്‍ട്ടിയിലെ ആള്‍ പ്രവര്‍ത്തിച്ചാലും അവരെ വെറുതെ വിടരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയിലെ ആരെയെങ്കിലും കുറ്റവാളികളായി കണ്ടെത്തിയാല്‍ അവര്‍ക്ക് ഇരട്ടി ശിക്ഷയായിരിക്കും കൊടുക്കുകയെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

കലാപത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി ഉയര്‍ന്നിട്ടുണ്ട്. ബുധനാഴ്ചയായിരുന്നു ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ മൃതദേഹം ജാഫറാബാദിലെ അഴുക്കുചാലില്‍നിന്നു കണ്ടെത്തിയത്. വീട്ടിലേക്കു പോകുന്ന വഴിയില്‍വച്ച് അങ്കിതിനെ ചിലര്‍ മര്‍ദിക്കുകയായിരുന്നെന്നാണു വിവരം.

സംഭവത്തിനു പിന്നാലെ അങ്കിതിന്റെ പിതാവ് രവീന്ദര്‍ ശര്‍മ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈനെതിരെ ആരോപണവുമായി രംഗത്തെത്തി. താഹിര്‍ ഹുസൈന്റെ ആള്‍ക്കാര്‍ അങ്കിതിനെ മര്‍ദിച്ച ശേഷം വെടിവെയ്ക്കുകയായിരുന്നെന്നാണു പിതാവിന്റെ ആരോപണം.

താഹിര്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളില്‍ നിന്നാണ് അങ്കിതിനു നേര്‍ക്ക് കല്ലേറുണ്ടായത് എന്ന് അങ്കിതിന്റെ ബന്ധുക്കള്‍ ന്യൂസ് ഏജന്‍സി ആയ എ.എന്‍.ഐയോട് പറഞ്ഞു.