കുടിവെള്ളമാണെന്ന് കരുതി ടോയ്‌ലറ്റ് ക്ലീനര്‍ എടുത്തു കുടിച്ചു; അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കുടിവെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ടോയ്‌ലറ്റ് ക്ലീനര്‍ എടുത്തു കുടിച്ച അഞ്ചാം ക്ലാസുകാരി മരിച്ചു. ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. നാലാംക്ലാസുകാരി കൊണ്ടുവന്ന കുപ്പിയിലെ പച്ച നിറത്തിലുള്ള വെളളം സ്ഥിരമായി കൊണ്ടു വരാറുള്ള കുപ്പിവെള്ളമാണെന്ന് കരുതി എടുത്തു കുടിച്ച സഞ്ജന (11) യാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്‌കൂളിലെ ഭക്ഷണത്തിനുള്ള ഇടവേളയ്ക്കാണ് സംഭവം. നാലാംക്ലാസുകാരിക്കൊപ്പമാണ് അഞ്ചാം ക്ലാസുകാരിയായ സഞ്ജന ഭക്ഷണം കഴിക്കാനിരുന്നത്. നാലാം ക്ലാസിലെ ടീച്ചര്‍ ചൊവ്വാഴ്ച ലീവായതിനാല്‍ സഞ്ജന നാലാംക്ലാസുകാരിക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ട വരണ്ടതിനാല്‍ സഞ്ജന ഒപ്പമിരുന്ന നാലാംക്ലാസുകാരിയോട് വെള്ളം ചോദിക്കുകയും അവള്‍ നല്‍കുകയും ചെയ്തു.

വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് കുപ്പിയില്‍ ഉണ്ടായിരുന്ന ടോയ്‌ലറ്റ് ക്ലീനര്‍ എടുത്ത് കുടിച്ച സഞ്ജനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആന്തരികാവയവങ്ങള്‍ക്കെല്ലാം മുറിവുണ്ടാകുകുകയും രക്തം ഛര്‍ദ്ദിക്കുകയും ചെയ്തതോടെ കുട്ടിയെ ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ആന്തരികാവയവങ്ങള്‍ക്ക് ആഴത്തിലുള്ള മുറിവേറ്റതിനാല്‍ രക്തം വാര്‍ന്ന് അഞ്ചാം ക്ലാസുകാരി മരിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് നാലാംക്ലാസുകാരിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. ടോയ്‌ലറ്റ് ക്ലീനര്‍ റൂമില്‍ മറ്റൊരു കുപ്പിയില്‍ സൂക്ഷിച്ച് വെച്ചിരുന്നതായും വാട്ടര്‍ ബോട്ടില്‍ ആണെന്ന് തെറ്റിദ്ധരിച്ച് മകള്‍ കൊണ്ടു പോകുകയായിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഇക്കാര്യം ഞങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അവര്‍ പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍ നാലാം ക്ലാസുകാരിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍, മരിച്ച സഞ്ജനയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു.