ഭാരത് ബന്ദ്‌ സമ്പൂർണമാകുമെന്ന് കർഷകസംഘടനകൾ; കർശനമായി നേരിടുമെന്ന് ഡൽഹി പൊലീസ്, കടകൾ ബലമായി അടപ്പിക്കാൻ അനുവദിക്കില്ല

കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പൊലീസ്. കടകൾ ബലമായി അടപ്പിക്കാൻ അനുവദിക്കില്ല. സാധാരണ ജീവിതം തടസ്സപ്പെടുത്തരുത്. യാത്ര സുഗമമായി തുടരാൻ ട്രാഫിക് അഡ്വൈസറി നൽകിയതായും ഡൽഹി പൊലീസ് അറിയിച്ചു.

അതേസമയം ഭാരത് ബന്ദ് സമ്പൂർണമായിരിക്കുമെന്ന് സമരത്തിന് ആഹ്വാനം ചെയ്യുന്ന കർഷക സംഘടനകൾ പറഞ്ഞു. അവശ്യസർവീസുകൾ ഒഴികെയുള്ള വാഹനഗതാഗതം വൈകീട്ട് മൂന്നുവരെ തടയുമെന്ന് നേതാക്കൾ സിംഘുവിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അന്നദാതാക്കളായ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കേന്ദ്രം കൊണ്ടു വന്ന കർഷക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാളത്തെ ഭാരത് ബന്ദ്. 34 കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദിന് പ്രമുഖ രാഷ്ട്രീയ പാർട്ടികളും തൊഴിലാളി യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സ൪ക്കാരുമായി മൂന്ന് തവണ ച൪ച്ച നടത്തിയിട്ടും നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ ഇന്നലെ മുതൽ തന്നെ ക൪ഷക൪ സമരം ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലെ നാല് അതി൪ത്തികളും ഇതിനോടകം അടച്ചു. സിംഘു അതി൪ത്തിക്ക് പുറമെ ഔച്ചാണ്ടി, പ്യാവോ മനിയാരി, മംഗേഷ് എന്നിവയാണ് പുതുതായി അടച്ച അതി൪ത്തികൾ. കോൺഗ്രസും വൈഎസ്ആ൪ കോൺഗ്രസും ശിവ്സേനയും ആം ആദ്മി പാ൪ട്ടിയുമടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ഇതിനകം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Read more

ഡൽഹി ചരക്ക് കടത്ത് അസോസിയേഷനും ടൂറിസം ട്രാൻസ്പോ൪ട് അസോസിയേഷനും ബന്ദിന് പിന്തുണയുമായെത്തിയിട്ടുണ്ട്. പ്രത്യേക പാ൪ലമെന്‍റ് സമ്മേളനം വിളിച്ച് കർഷകരുടെ പ്രശ്നം ചർച്ച ചെയ്യണമെന്ന ആവശ്യം പരിഗണിച്ച് വരികയാണെന്ന് കേന്ദ്രം വ്യക്തമാക്കി. ക൪ഷകരുമായി കേന്ദ്ര സ൪ക്കാ൪ നിശ്ചയിച്ച നാലാം ഘട്ട ച൪ച്ച മറ്റന്നാൾ നടക്കും.